റഷ്യയിലെത്തിയിട്ട് ഒരാഴ്ച്ചയായിരിക്കുന്നു… എല്ലാം സുന്ദരമാണ്. എവിടെ നോക്കിയാലും വൃത്തിയും വെടിപ്പും. എല്ലാവരും ചിരിക്കുന്നവര്‍.. എന്ത് സഹായം ചോദിച്ചാലും അത് ചെയ്യാനും റെഡി. പക്ഷേ അസഹനീയമെന്നത് ഒന്ന് മാത്രം-പുകവലി…! ആഞ്ഞ് വലിയാണ് എല്ലാവരും. അതില്‍ പുരുഷനെന്നോ സ്ത്രീയെന്നോയില്ല. ചെറുപ്പക്കാരും ആ വഴി തന്നെ. പുകച്ചിങ്ങനെ ഇരിക്കും. തണുപ്പേറിയ കാലാവസ്ഥയാണ് ഇവിടെ. അതാവാം ഒരു കാരണം. പക്ഷേ ഇങ്ങനെ നിക്കോട്ടിന്‍ അകത്താക്കിയാലോ- ഒരു വര്‍ഷം അഞ്ച് ലക്ഷം പേരാണ് റഷ്യയില്‍ പുകവലി മൂലം മരിക്കുന്നത്. ഞെട്ടിക്കുന്ന കണക്കാണിത്. പക്ഷേ അതൊന്നും ആരും ഗൗനിക്കുന്നില്ല. എന്തിനിങ്ങനെ പുകവലിക്കുന്നു എന്ന് ചോദിച്ചാല്‍ നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഉത്തരം തന്നെയാണ് ഇവിടെയും-എന്തായാലും ഒരു ദിവസം മരിക്കും. പുകവലിച്ചാണെങ്കില്‍ അങ്ങനെയാവട്ടെ…..
യുഗോസാപദന്യ എന്ന സ്ഥലത്താണ് ഞാന്‍ താമസിക്കുന്നത്. മോസ്‌ക്കോ പ്രാന്തത്തിലെ സുന്ദരമായ ചെറുനഗരം. വലിയ ഷോപ്പിംഗ് മാളുകളും അതിവേഗപാതയും സൂപ്പര്‍ മെട്രോ സ്റ്റേഷനുകളുമെല്ലാമായി അതിവേഗ ജീവിതത്തിന്റെ പര്യായമായ സിറ്റികളിലൊന്ന്. അര്‍ജന്റീനയും ഐസ്‌ലാന്‍ഡും തമ്മിലുളള മല്‍സരത്തിന് ശേഷം മെട്രോ വഴി വീട്ടില്‍ തിരിച്ചെത്തിയപ്പോഴും സൂര്യന്‍ ഉച്ചിയില്‍ തന്നെ. അതായത് നിങ്ങള്‍ ആ മല്‍സരം രാത്രിയാണല്ലോ കണ്ടത്. ഇവിടെ വൈകുന്നേരം നാല് മണിക്കായിരുന്നു പോരാട്ടം. ആറ് മണിയോടെ കളി കഴിഞ്ഞു. സ്പാര്‍ട്ടക്ക് സ്‌റ്റേഡിയത്തില്‍ നിന്നും വീട്ടിലെത്താന്‍ രണ്ട് മെട്രോ കയറണം. അര മണിക്കൂര്‍ കൊണ്ട് അറുപതോളം കീലോമീറ്റര്‍ എളുപ്പത്തില്‍ പിന്നിട്ടു. സമയം വൈകീട്ട് 6-30. റൂമിലെത്തി കുളിച്ച ശേഷവും നല്ല വെയില്‍. ഇവിടെ സൂര്യന്‍ താഴാന്‍ രാത്രി പത്ത് മണിയും കഴിയുമെന്നതിനാല്‍ ഉറങ്ങാനും കഴിയില്ല. അങ്ങനെ നഗരത്തിലേക്കിറങ്ങി. എല്ലായിടത്തും ചെറുപ്പക്കാരും വൃദ്ധരും വനിതകളുമെല്ലാമായി സംസാരവും ചര്‍ച്ചകളുമെല്ലാം. നാട്ടിലെ ബഡായി (പുത്തന്‍ ഭാഷയില്‍ തള്ള്) സംഘങ്ങള്‍ ഇവിടെയുമുണ്ട്. രസമാണ് അവരുടെ കാര്യങ്ങള്‍. നല്ല വൃത്തിയുളള ഡ്രസ്സിലാണ് എല്ലാവരും. പക്ഷേ സൊറ സംഘങ്ങള്‍ എവിടെയുണ്ടോ അവിടെ നിന്നും പുക നന്നായി ഉയരുന്നുമുണ്ട്. റഷ്യന്‍ ഭാഷ വശമില്ലാത്തതിനാല്‍ ഇവര്‍ സംസാരിക്കുന്നത് വ്യക്തമല്ല. പക്ഷേ ഒന്ന് വ്യക്തമാണ്-സിഗരറ്റിന്റെ ദുര്‍ഗന്ധം…. സര്‍ക്കാര്‍ എല്ലാ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും എന്ത് കൊണ്ട് പുകവലിയെ നിയന്ത്രിക്കുന്നില്ല എന്ന ചോദ്യത്തിനുത്തരം എളുപ്പത്തില്‍ കിട്ടി-രാഷ്ട്രീയം തന്നെ. സിഗരറ്റ് ലോബി വളരെ ശക്തമാണ്. അവര്‍ ഭരണകൂടത്തെ സ്വാധീനിക്കുന്നു.
ലോകത്ത് ഏറ്റവുമധികം പുകവലിക്കാരുളള രാജ്യങ്ങളുടെ പട്ടിക ലോകരോഗ്യസംഘടന ഈയിടെ പുറത്തിറക്കിയിരുന്നു. അതില്‍ റഷ്യ മാത്രമല്ല നമ്മുടെ രാജ്യവുമുണ്ട്. ബംഗ്ലാദേശും ബ്രസീലും ചൈനയും ഈജിപ്തും, മെക്‌സിക്കോയും ഫിലിപ്പൈന്‍സും, പോളണ്ടും തായ്‌ലാന്‍ഡും, തുര്‍ക്കിയും ഉക്രൈനും ഉറുഗ്വേയും വിയറ്റ്‌നാമുമെല്ലാം പട്ടികയിലുണ്ട്.
റഷ്യയില്‍ പ്രായപൂര്‍ത്തിയായവരുടെ കണക്ക് 44 ദശലക്ഷമാണ്. ഇവരില്‍ നാല്‍പ്പത് ശതമാനവും പുകവലിക്കുന്നുണ്ട്. എല്ലായിടത്തും പുകവലിക്കാന്‍ കഴിയില്ല. മെട്രോകളില്‍, സ്‌റ്റേഷനുകളില്‍, നിയന്ത്രിത സ്ഥലങ്ങളില്‍ പുകവലിച്ചാല്‍ പണി അപ്പോള്‍ കിട്ടും. 500 മുതല്‍ 5000 റൂബിള്‍ വരെയാണ് പിഴ. പക്ഷേ പുകവലിക്കാനുളള അനുവദനീയ സ്ഥലങ്ങളുമുണ്ട്. മെട്രോ സ്‌റ്റേഷനുകള്‍ക്ക് പുറത്താണ് പ്രധാനമായും പുകവലി കേന്ദ്രം. മെട്രോ യാത്ര കഴിഞ്ഞ് വരുന്നവര്‍ പുറത്തുളള സ്ഥലത്ത് അല്‍പ്പസമയം ചെലവഴിക്കുന്നു-പുകയ്ക്കുന്നു. സിഗരറ്റിന്റെ കുറ്റി അലക്ഷ്യമായി വലിച്ചെറിയുന്നില്ല. അത് നിക്ഷേപിക്കാനുള്ള സ്ഥലങ്ങളില്‍ തന്നെ കളയുന്നു.
കോട്ടും സൂട്ടുമെല്ലാം അണിഞ്ഞ് വരുന്ന വനിതകള്‍ മാറിയിരുന്ന് പുകവലിക്കുന്നത് കണ്ടാല്‍ അല്‍ഭുതം തോന്നും. വില കൂടിയ സിഗരറ്റുകള്‍ ചറപറാ വേഗത്തില്‍ അവര്‍ വലിച്ചു തീര്‍ക്കും. ഇപ്പോള്‍ തുടങ്ങിയതല്ലത്രേ ഈ ശീലം. സോവിയറ്റ് യൂണിയന്‍ കാലത്ത് തന്നെയുണ്ട്. പക്ഷേ ഇപ്പോള്‍ സോവിയറ്റ് റിപ്പബ്ലിക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വലിയ വലിക്കാര്‍ റഷ്യക്കാരാണ്.
2008 ലെ കണക്കുകള്‍ പ്രകാരം റഷ്യന്‍ പുരുഷന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 62 ഉം വനിതകളുടേത് 74 ഉം വയസ്സാണ്. മരണനിരക്ക് വര്‍ധിക്കാനുളള പ്രധാന കാരണങ്ങളിലൊന്നാവട്ടെ പുകവലിയും. അധികാരികള്‍ക്ക് മുന്നില്‍ ഈ കണക്കുകളെല്ലാമുണ്ട്. നമ്മുടെ നാട്ടിലേത് പോലെ തന്നെയാണ്-ചാനലുകളിലും പത്രങ്ങളിലും പരസ്യ കമാനങ്ങളിലുമെല്ലാം സിഗരറ്റ് കമ്പനികളാണ് ഉയരത്തില്‍ നില്‍ക്കുന്നത്. സാമ്പത്തികമായ പിന്നോക്കാവസ്ഥയും പുകവലിക്കുള്ള കാരണങ്ങളിലൊന്നായി പറയപ്പെടുന്നു. നഗര ജനസംഖ്യയിലുളളവരെല്ലാം ജോലിക്കാരും സ്ഥിര വരുമാനക്കാരുമാണ്. പക്ഷേ ഗ്രാമങ്ങളിലേക്ക് പോവുമ്പോള്‍ വലിയ വിനോദങ്ങള്‍ക്കൊന്നും സാമ്പത്തിക പിന്തുണയില്ലാത്തവര്‍ പുകവലിയില്‍ ആനന്ദം കണ്ടെത്തുന്നു. സൈബീരിയ പോലുള്ള അതിശൈത്യ മേഖലയില്‍ ജീവിക്കുന്നവര്‍ പിടിച്ചുനില്‍ക്കാന്‍ പുകവലിക്കുന്നവരാണ്. വര്‍ഷത്തില്‍ മിക്ക സമയത്തും തണുപ്പാണ് റഷ്യന്‍ കാലാവസ്ഥ. തണുപ്പിനെ പ്രതിരോധിക്കാനാണ് ഓവര്‍കോട്ടും മറ്റ് വസ്ത്രങ്ങളുമെല്ലാം ജനമണിയുന്നത്. കൂട്ടത്തില്‍ വലിയും.
ലോകകപ്പ് വേദികളില്‍ പക്ഷേ പുകവലി പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിനകത്ത് ഒരു തരത്തിലും പുകവലി പാടില്ല. പൊലീസ് ജാഗ്രത ഈ കാര്യത്തില്‍ കര്‍ക്കശമാണ്. വോളണ്ടിയര്‍മാരും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നു.