ലോകം മുഴുവന്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ കാത്തിരിക്കുകയാണ്. അതിനിടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസ് തന്റെ ബന്ധുവായ മീനാ ഹാരിസിന്റെ മകള്‍ അമാരയോട് സംസാരിക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്.

തന്റെ മടിയിലിരിക്കുന്ന അമാരയോട് നീ ഒരിക്കല്‍ അമേരിക്കയുടെ പ്രസിഡന്റാവും എന്നാണ് കമല പറയുന്നത്. ‘ നീ ഒരിക്കല്‍ പ്രസിഡന്റാവും, ഇപ്പോഴല്ല, 35 വയസ്സ് ആകുമ്പോള്‍ നിനക്ക് പ്രസിഡന്റാവാം.’ കമലാ ഹാരിസ് അമാരയോട് പറയുന്നത് ഇങ്ങനെ. പ്രസിഡന്റും ബഹിരാകാശയാത്രികയും ആവാനാണ് തനിക്കിഷ്ടമെന്നാണ് പെണ്‍കുട്ടിയുടെ മറുപടി.

തന്റെ കുഞ്ഞുമകളുടെ കരിയര്‍ ചോയിസിനെ പറ്റി ചെറിയൊരു കുറിപ്പും മീനാ ഹാരിസ് വിഡിയോക്കൊപ്പം നല്‍കുന്നുണ്ട്. അമാര കമലയ്ക്കു നല്‍കുന്ന മറുപടിപോലെ തന്നെ പ്രസിഡന്റും ബഹിരാകാശയാത്രിയും ആവാനാണ് അവളുടെ ആഗ്രഹം.

നാല് ലക്ഷത്തോളം പേര്‍ വിഡിയോ കണ്ടുകഴിഞ്ഞു. പെണ്‍കുട്ടികള്‍ വലിയ സ്വപ്‌നങ്ങള്‍ കാണട്ടെ എന്നാണ് വീഡിയോക്ക് കമന്റ് നല്‍കിയവരുടെ എല്ലാം അഭിപ്രായം.