തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മോദി ചെയ്തത് പോലെ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന് കാനം പറഞ്ഞു. ഇന്നലെയാണ് നിലമ്പൂര്‍ കാട്ടില്‍വെച്ച് മാവേയിസ്റ്റുകളെ വെടിവെച്ചു കൊന്നത്.

സര്‍ക്കാരിനെ വിമര്‍ശിച്ച് ഘടകകക്ഷിയായ സിപിഐ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. പടുക്ക വനമേഖലയില്‍ ഇന്നലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ സംശയമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആര്‍എംപി നേതാവ് കെകെ രമ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സംഭവത്തില്‍ പൊട്ടിത്തെറിച്ച് കാനം രാജേന്ദ്രനും രംഗത്തെത്തിയിരിക്കുന്നത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും. നിലമ്പൂര്‍ വനമേഖലയില്‍ പൊലീസിന് നേരെ നിരന്തരം ആക്രമണങ്ങളുണ്ടായിരുന്നു. അതിന്റെ ഭാഗമായുളള ഏറ്റുമുട്ടലാണ് അവിടെ നടന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വിശദീകരണം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.