മുംബൈ: നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം ബിഎംസി പൊളിക്കാന്‍ തുടങ്ങി. ഇതു സംബന്ധിച്ച് കങ്കണ ഹൈക്കോടതിയെ സമീപിച്ചു. ജനാധിപത്യത്തിന്റെ മരണമെന്നാണ് ഇത് സംബന്ധിച്ച് കങ്കണ ട്വീറ്റ് ചെയ്തത്.

തന്റെ കെട്ടിടത്തില്‍ അനധികൃതമായ യാതൊരു നിര്‍മാണവും നടന്നിട്ടില്ലെന്നും സെപ്തംബര്‍ 30 വരെ പൊളിച്ചുനീക്കലുകള്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നതാണെന്നും ഫാസിസം എന്നാലിതാണെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു.

നിരവധി ട്വീറ്റുകളിലൂടെയാണ് കങ്കണ തന്റെ പ്രതികരണം അറിയിക്കുന്നത്.

ഞാനൊരിക്കലും തെറ്റായിരുന്നില്ല, എന്റെ ശത്രുക്കള്‍ തെളിയിക്കുന്നതും അതാണ്. അതുകൊണ്ടാണ് എന്റെ മുംബൈ ഇന്ന് പാകിസ്താനായത്. കങ്കണയുടെ ട്വീറ്റില്‍ പറയുന്നു. പാകിസ്താന്‍, ബാബറും പടയാളികളും എന്നാണ് കെട്ടിടം പൊളിച്ചു നീക്കുന്ന ചിത്രം പങ്കുവച്ച് കങ്കണ കുറിച്ചത്.തന്റെ കെട്ടിടത്തെ രാമക്ഷേത്രത്തോടും ബി.എം.സിയെ ബാബറിനോടും ഉപമിച്ച് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ക്ഷേത്രം ബാബര്‍ പൊളിക്കുകയാണെന്നും എന്നാല്‍ രാമക്ഷേത്രം വീണ്ടും ഉയരുമെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്.

https://twitter.com/KanganaTeam/status/1303569152917946368

മണികര്‍ണ്ണിക ഫിലിംസ് എന്ന പേരിലുള്ള സിനിമാ കമ്പനിയുടെ കെട്ടിടം തനിക്ക് രാമക്ഷേത്രത്തോളം പവിത്രമാണെന്നും അത് തകര്‍ക്കുക എന്നാല്‍ രാമക്ഷേത്രം തകര്‍ക്കുംപോലെ വേദനാജനകമാണെന്നുമാണ് കങ്കണ പറയുന്നു.നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വാക്‌പോരാണ് ഓഫീസ് പൊളിക്കല്‍ നടപടികളില്‍ എത്തിച്ചത്. എന്നും ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്ന കങ്കണ മുംബൈയ്ക്കും മുംബൈ പോലീസിനുമെതിരേ ശക്തമായ വിമര്‍ശനമുന്നയിച്ചു.

https://twitter.com/KanganaTeam/status/1303574493273550851

ബാന്ദ്ര വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസിന്റെ നിര്‍മ്മാണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിവസേന ഭരിക്കുന്ന മുംബൈ കോര്‍പ്പറേഷന്‍ കങ്കണയ്ക്ക നോട്ടീസ് അയക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറുപടി തൃപ്തകരമല്ലാത്തതിനെ തുടര്‍ന്നാണ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുമാറ്റുന്നത്.