കാസര്‍കോട്: കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ മകന്‍ ആശിഷ് വില്യം (42) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. സമീപത്തെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പുതുക്കൈ സ്വദേശി ദിനേശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റസിഡന്‍സി ബാറിലുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നിര്‍മാണത്തിലിരിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ വരാന്തയിലിരിക്കുകയായിരുന്ന ആശിഷിനെ ദിനേശന്‍ മരപ്പലകകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.