കണ്ണൂര്‍: ഒരിടവേളക്കു ശേഷം കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂര്‍ രാഷ്ട്രീയം ശാന്തമാകുമ്പോഴാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കണ്ണൂരില്‍ വീണ്ടും കൊലപാതകമുണ്ടാവുന്നത്. ഇന്നലെയാണ് കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സ്വലാഹുദ്ദീനെ കൊലപ്പെടുത്തിയത്. ഇതിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം.

ഒരാള്‍ കൊല്ലപ്പെട്ടു കഴിഞ്ഞാല്‍ പകരമെന്നോണമാണ് മറ്റു പല കൊലപാതകങ്ങളും കണ്ണൂരില്‍ നടന്നിട്ടുള്ളത്. അങ്ങനെ നാലു വര്‍ഷത്തിനിടെ പതിമൂന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂര്‍ ജില്ലയിലും മാഹിയിലുമായി നടന്നു. പതിമൂന്നാമത്തെ രാഷ്ട്രീയ കൊലപാതകമാണു കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റേത്. 2018 മേയ് ഏഴിനു മാഹിയിലും തുടര്‍ച്ചയായി അന്നു തന്നെ കണ്ണൂരിലും ഇരട്ടക്കൊലപാതകം നടന്നശേഷം 27 മാസത്തെ ഇടവേളക്കു ശേഷമാണ് സ്വലാഹുദ്ദീന്റേത്.

2016 മേയ് 19 ഏറാങ്കണ്ടി രവീന്ദ്രന്‍ (സിപിഎം) എല്‍ഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. 2016 ജൂലൈ 11 സി.വി.ധനരാജ് (സിപിഎം)- ഒരു സംഘം പയ്യന്നൂരിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി.
സി.കെ.രാമചന്ദ്രന്‍ (ബിജെപി)- സി.വി.ധനരാജ് കൊല്ലപ്പെട്ടു മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു സംഘം വീടാക്രമിച്ചു വെട്ടിക്കൊലപ്പെടുത്തി. 2016 സെപ്റ്റംബര്‍ 3 ന് മാവില വിനീഷ് (ബിജെപി)- തില്ലങ്കേരിയില്‍ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. 2016 ഒക്ടോബര്‍ 10 കെ.മോഹനന്‍ പാതിരിയാട് (സിപിഎം)- ജോലി ചെയ്യുന്ന കള്ളുഷാപ്പില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. 2016 ഒക്ടോബര്‍ 12 വി.രമിത്ത് പിണറായി (ബിജെപി)- കെ.മോഹനന്‍ കൊല്ലപ്പെട്ട് 48 മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു സംഘം രമിത്തിനെ വെട്ടിക്കൊലപ്പെടുത്തി .

 

2017 ജനുവരി 18-ധര്‍മടം അണ്ടല്ലൂര്‍ എഴുത്തന്‍ സന്തോഷ് (ബിജെപി)- ഒരു സംഘം വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. 2017 മേയ് 12 ചൂരക്കാട് ബിജു (ബിജെപി)- ധനരാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ബിജു ബൈക്കില്‍ വരുമ്പോള്‍, കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വെട്ടി വീഴ്ത്തി. 2018 ജനുവരി 19 ശ്യാമപ്രസാദ് (ബിജെപി)- ആര്‍എസ്എസ് പ്രാദേശിക ഭാരവാഹിയും എബിവിപി പ്രവര്‍ത്തകനുമായിരുന്ന ശ്യമപ്രസാദിനെ ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തി. 2018 ഫെബ്രുവരി 12 എസ്പി ഷുഹൈബ് (യൂത്ത് കോണ്‍ഗ്രസ്)- മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തി. 2018 മേയ് 7 കണ്ണിപ്പൊയില്‍ ബാബു (സിപിഎം) – മാഹി പള്ളൂരില്‍ ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തി. കെ.പി.ഷമേജ് (ബിജെപി)- ബാബു കൊല്ലപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ പ്രതികാരമെന്നവണ്ണം കൊല്ലപ്പെട്ടു. -ഇവരാണ് നാലു വര്‍ഷത്തിനിടെ കണ്ണൂരില്‍ രാഷ്ട്രീയ അക്രമത്തില്‍ കൊല്ലപ്പെട്ടവര്‍.

ഈ കൊലപാതകങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി നടന്നതാണ്. പല കൊലപാതകങ്ങളും മുന്‍ കൊലപാതകത്തിന്റെ പകരംവീട്ടല്‍ എന്നു സംശയിക്കാവുന്നവയാണ്. 2016 ജൂലൈയില്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ സി.വി.ധനരാജ് കൊല്ലപ്പെട്ടു മണിക്കൂറുകള്‍ക്കുള്ളിലാണു പയ്യന്നൂരിലെ ബിജെപി പ്രവര്‍ത്തകനായ രാമചന്ദ്രന്‍ കൊലക്കത്തിക്കിരയായത്. എന്നാല്‍ കഴിഞ്ഞ 28 മാസം കണ്ണൂര്‍ ശാന്തമായിരുന്നു. അതിനിടയിലാണ് ഇന്നലെ വീണ്ടും ഒരാള്‍കൂടി കൊലക്കത്തിക്ക് ഇരയാവുന്നത്.