കണ്ണൂര്‍: കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പോലീസ്. അക്രമി സംഘത്തില്‍ പതിനൊന്ന് പേരുളളതായാണ് വിവരം. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് സലാഹുദ്ദീന്റെ കൊലപാതകം നടപ്പിലാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. കൂത്തുപറമ്പില്‍ നിന്ന് സഹോദരിമാര്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ സലാഹുദ്ദീനെ ഒരു സംഘം പിന്തുടര്‍ന്നിരുന്നു. മറ്റൊരു സംഘം ചുണ്ടയിലെ റോഡിനോട് ചേര്‍ന്ന് പുഴക്കരയില്‍ കാത്ത് നിന്നിരുന്നു. ഇവിടെ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശമാണ് കൊലപാതകത്തിനായി സംഘം തെരഞ്ഞെടുത്തത്.

സലാഹുദ്ദീനെ പിന്തുടര്‍ന്ന സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇദ്ദേഹത്തിന്റെ കാറില്‍ ബൈക്ക് ഇടിച്ച് അപകടം സൃഷ്ടിച്ചത്. അപകടം നടന്ന ഉടന്‍ കാറില്‍ നിന്നിറങ്ങിയ സലാഹുദ്ദീനെ പ്രദേശത്ത് കാത്തിരുന്ന സംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലക്കുളള പ്രതികാരമായിട്ടാണ് സലാഹുദ്ദീനെ വധിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്ത് അക്രമം വ്യാപിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

തലശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുളള സലാഹുദ്ദീന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും. ഇതിനിടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഉളിയില്‍ പടിക്കച്ചാലില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.