തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരട്ടക്കൊലപാതകത്തിലെ പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പൊലീസിന് കഴിയും. ഇത്തരം കൊലക്കേസുകള്‍ അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സിബിഐയേക്കാള്‍ മികവ് കേരള പൊലീസിനുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയത്.

വെഞ്ഞാറമൂട് തേമ്പാമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരാണ് തിരുവോണ ദിവസം കൊല്ലപ്പെട്ടത്. കൊലപാതകത്തിന് അറസ്റ്റിലായവര്‍ കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ ആണ്. കേസില്‍ പ്രതികളായി വരാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് നേതാക്കളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് സിബിഐ അന്വേഷിക്കുക എന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നത്. എന്നാല്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സിപിഎം എന്നാണ് വ്യക്തമാവുന്നത്.