കണ്ണൂര്‍: കണ്ണൂരില്‍ തോറ്റമ്പി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുല്ലക്കുട്ടിയുടെ അനിയന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച എപി ഷറഫുദ്ദീനാണ് നാലാം സ്ഥാനത്തേക്ക് വീണത്. നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡിലെ കമ്പിലിലായിരുന്നു ഷറഫുദ്ദീന്‍ ജനവിധി തേടിയത്. 20 വോട്ട് മാത്രമാണ് ഇയാള്‍ക്ക് കിട്ടിയത്.

ഇവിടെ മുസ്‌ലിംലീഗിന്റെ സൈഫുദ്ദീന്‍ നാറാത്താണ് വിജയിച്ചത്. 677 വോട്ട് നേടി സൈഫുദ്ദീന്‍ ഒന്നാമതെത്തി. 318 വോട്ടു നേടി എസ്ഡിപിഐയാണ് രണ്ടാമത്. 125 വോട്ടുകളോടെ സിപിഎമ്മിന് മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.

ബിജെപിയും എന്‍ഡിഎയും ന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടിയാണെന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കള്ളപ്രചാരണങ്ങള്‍ക്ക് തിരിച്ചടി നല്‍കാനാണ് താനും സഹോദരനെപ്പോലെ ബിജെപിയില്‍ ചേര്‍ന്നതെന്ന് ഷറഫുദ്ദീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.