കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസല്‍ തന്റെ അടുത്ത സുഹൃത്താണെന്ന് കാരാട്ട് റസാഖ് എംഎല്‍എ. ഫൈസലിന് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള കാര്യം അറിയില്ല. അദ്ദേഹത്തിന്റെ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.

അതിനിടെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ഫൈസലിനെ കസ്റ്റംസിന്റെ കൊച്ചി ആസ്ഥാനത്തെത്തിച്ചു. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് വെച്ചാണ് വിശദമായ ചോദ്യം ചെയ്യല്‍. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കാരാട്ട് ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയത്.

ഫൈസലിന്റെ ഫോണ്‍ സംഭാഷണങ്ങളും വാട്‌സ് ആപ്പ് ചാറ്റുകളും പരിശോധിച്ച കസ്റ്റംസ് സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറായ കാരാട്ട് ഫൈസല്‍ റസാഖിന്റെ അടുത്ത ബന്ധുവും മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ്.