കളമശ്ശേരി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം നേരിടുന്ന സക്കീര്‍ ഹുസൈനെക്കുറിച്ചുള്ള പരാതിയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം തെളിവെടുപ്പ് നടത്തി. ഏരിയാ കമ്മിറ്റിയംഗങ്ങളില്‍ നിന്നാണ് തെളിവുകള്‍ ശേഖരിച്ചത്.

ഉച്ചക്ക് മൂന്ന് മണിയോടെ ഏരിയാ കമ്മിറ്റി ഓഫീസില്‍ ആരംഭിച്ച തെളിവെടുപ്പ് രാത്രി എട്ട് മണി വരെ നീണ്ടു. ഏരിയാ കമ്മിറ്റിയംഗങ്ങളായ 16 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സക്കീര്‍ ഹുസൈനില്‍ നിന്നുകൂടി വിവരങ്ങള്‍ ശേഖരിച്ച ശേഷം സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നടപടിക്ക് വിധേയനായ മുന്‍ ഏരിയാ സെക്രട്ടറി കൂടിയായ സക്കീര്‍ എവിടെയാണെന്ന് അറിയില്ലെന്ന് എളമരം കരീം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.