കരിപ്പൂരില്‍ വിമാനം റദ്ദാക്കിയതില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാത്രി 7:50 ന് പുറപ്പെടേണ്ട കരിപ്പൂര്‍ ദുബായ് സ്‌പൈസ് ജെറ്റ് വിമാനമാണ് പല തവണ സമയം മാറ്റിയ ശേഷം ഇന്ന് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയതോടെ 24 മണിക്കൂറില്‍ അധികമാണ് യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.

ശനിയാഴ്ച രാത്രി 7.50നായിരുന്നു കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ വിമാനം രാത്രി 11.40ലേക്ക് മാറ്റിയെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചു. വൈകാതെ വിമാനം പുറപ്പെടുമെന്ന് കരുതിയ യാത്രക്കാര്‍ പക്ഷെ വീണ്ടും നിരാശരായി. ഞായറാഴ്ച രാവിലെ 8 മണിക്ക് വിമാനം പുറപ്പെടുമെന്ന് വീണ്ടും അറിയിപ്പ് വന്നതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് രാത്രിയിലേയ്ക്ക് വീണ്ടും സമയക്രമം മാറ്റി. പിന്നീടാണ് വിമാനം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്. ഇതോടെ കടുത്ത പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തുകയായിരുന്നു.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പകരം സംവിധാനം ഒരുക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഔദ്യോഗിക അറിയിപ്പുകള്‍ ലഭിക്കാത്തതിനാല്‍ വിദൂര ദിക്കുകളില്‍ നിന്നെത്തിയ യാത്രക്കാര്‍ വരെ പ്രതിസന്ധിയിലായി.