കൊണ്ടോട്ടി: അനുകൂല സാഹചര്യത്തിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ജനമുന്നേറ്റത്തിന് തുടക്കമിട്ട് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മറ്റി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ യു.ഡി.എഫ് എം.പിമാരുടേയും എം.എല്‍.എമാരുടെയും നേതൃത്വത്തിലാണ് ജനപ്രതിനിധികള്‍ കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് ഉപവാസ സമരം സംഘടിപ്പിച്ചത്. രാവിലെ 8.30ന് ആരംഭിച്ച് വൈകിട്ട് 4 മണിക്ക് സമാപിച്ചു. കരിപ്പൂരിനെ തളര്‍ത്തുന്ന കേന്ദ്ര നടപടിക്കെതിരായ തുടര്‍ സമരങ്ങളുടെ പ്രഖ്യാപനവേദി കൂടിയായി സമരം.
തുടര്‍ സമരങ്ങള്‍ക്കായി എം.കെ രാഘവന്‍ എം.പി ചെയര്‍മാനും മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി അഡ്വ കെ.എന്‍.എ ഖാദര്‍ ജനറല്‍ കണ്‍വീനറുമായി കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ആക്ഷന്‍ കമ്മറ്റിക്ക് രൂപം നല്‍കി. എം.സി മായിന്‍ ഹാജി, വി.വി പ്രകാശ്,അഡ്വ.പി ശങ്കരന്‍,വി കുഞാലി വൈസ് ചെയര്‍മാന്‍മാരും, അഡ്വ.ടി സിദ്ധീഖ്, സബാഹ്പുല്‍പ്പറ്റ, എം.എ റസാക്ക് മാസ്റ്റര്‍ കണ്‍വീനര്‍മാരും മുഴുവന്‍ യു.ഡി.എഫ് എം.പിമാരും എം.എല്‍.എമാരും ആക്ഷന്‍ കമ്മറ്റി അംഗങ്ങളുമാണ്.
ചില ലോബികള്‍ക്ക് വേണ്ടി കരിപ്പൂരിനെ തളര്‍ത്തുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സംഗമം കുറ്റപ്പെടുത്തി. ഇന്ന് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ തുടര്‍സമരത്തിന് പദ്ധതി ആവിഷ്‌കരിക്കും. 23ന് തുടങ്ങുന്ന നിയസഭയുടെ ബജറ്റ് സമ്മേളനത്തില്‍ വിഷയം ഉന്നയിക്കാനും എം.എല്‍.എമാര്‍ തീരുമാനിച്ചു. പ്രതിഷേധ സംഗമം മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി പ്രസംഗിച്ചു.