X

കരിപ്പൂര്‍ജിദ്ദ സര്‍വ്വീസിന് എട്ടിന്റെ പണി; വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് നീളും

അടുത്ത ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റും ചോദ്യചിഹ്നം

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: എല്ലാം തികഞ്ഞ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള അനുമതി പുനഃസ്ഥാപിച്ച് മാസങ്ങളായിട്ടും അനിശ്ചിതത്വം ബാക്കി. വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കരിപ്പൂരിന് അനുമതി പുനഃസ്ഥാപിച്ച് ഓഗസ്റ്റ് എട്ടിനാണ് ഉത്തരവ് ഇറങ്ങിയത്. കണ്ണൂരില്‍ വലിയ വിമാനങ്ങളുടെ പരീക്ഷണ പറക്കലിനും അന്ന് ഇതോടൊപ്പം അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം തന്നെ അനുമതി നല്‍കപ്പെട്ട സഊദി എയര്‍ലൈന്‍സിന്റെ കോഴിക്കോട്ടു നിന്ന് ജിദ്ദയിലേക്കുള്ള സര്‍വ്വീസുകളാണ് എട്ടിന്റെയും ഒമ്പതിന്റെയും ഇടയില്‍ കരുങ്ങിയത്. സഊദികോഴിക്കോട് സര്‍വ്വീസ് നീളുമെന്ന് ഉറപ്പായതിനൊപ്പം ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കുന്നതും അനിശ്ചിതത്വത്തിലായി.
2015ല്‍ റണ്‍വെ ഡികാര്‍പ്പെറ്റിംഗിനും അറ്റകുറ്റ പണികള്‍ക്കുമായി കരിപ്പൂരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ അന്ന് ഇന്ത്യയിലെ എട്ടാം സ്‌റ്റേഷനായിരുന്ന കോഴിക്കോട്ടെ സര്‍വ്വീസുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മാറ്റുകയായിരുന്നു. റണ്‍വെ നവീകരണം പൂര്‍ത്തിയായി മുമ്പത്തേതിലും ഭൗതിക സാഹചര്യത്തിലും സാങ്കേതിക തികവിലും മെച്ചപ്പെട്ടിട്ടും കരിപ്പൂരിനോട് അവഗണന തുടര്‍ന്നപ്പോള്‍ എം.പിമാര്‍ ഭരണ തലത്തില്‍ നടത്തിയ ശ്രമങ്ങളാണ് തടസ്സം നീക്കിയത്.
തുടര്‍ന്ന് ഓഗസ്റ്റില്‍, 341 പേര്‍ക്ക് സഞ്ചരിക്കാവുന്ന കോഡ് ഇ വിഭാഗത്തിലെ ബി 777200 ഇ.ആര്‍, 298 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 330300 വിമാനങ്ങള്‍ക്ക് കരിപ്പൂരിലേക്ക് സഊദി എയര്‍ലൈന്‍ പച്ചക്കൊടി കാണിച്ചു. ഹജ്ജ് ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം സെപ്റ്റംബര്‍ അവസാന വാരത്തോടെയോ ഒക്‌ടോബര്‍ ആദ്യവാരത്തിലോ ജിദ്ദകരിപ്പൂര്‍ സര്‍വ്വീസ് പുനഃരാരംഭിക്കുമെന്ന് തന്നെയായിരുന്നു ഉറപ്പ്. താമസിയാതെ റിയാദിലേക്കും കരിപ്പൂരില്‍ നിന്ന് സര്‍വ്വീസ് തുടങ്ങുമെന്നും അടുത്ത വര്‍ഷം ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് തിരിച്ചെത്തുമെന്നും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കറുത്ത സ്വകാര്യ കരങ്ങളുടെ ചരടുവലിയില്‍ കുരുങ്ങുന്നത്.
ഇന്ത്യയും സഊദിയും തമ്മിലുള്ള ഉഭയകക്ഷി കരാര്‍ പ്രകാരമാണ് സീറ്റുകള്‍ അലോട്ട് ചെയ്യുന്നത്. റെസിപ്രോക്കല്‍ എഗ്രിമെന്റ് പ്രകാരം സഊദി എയര്‍ലൈന്‍സിനും ഇന്ത്യന്‍ എയര്‍ലൈന്‍സിനും 20,000 സീറ്റുകള്‍ വീതമാണ് (ഇന്ത്യക്ക്) അനുവദിക്കപ്പെട്ടത്. സഊദി എയര്‍ലൈന്‍സ് എട്ട് കേന്ദ്രങ്ങളിലേക്കാണ് ഇതു പ്രകാരം സര്‍വ്വീസ് നടത്തുന്നത്. എട്ടില്‍ ഉള്‍പ്പെട്ടിരുന്ന കരിപ്പൂരിന്റെ സ്ഥാനം നിയന്ത്രണം വന്നതോടെ 2015ല്‍ തിരുവനന്തപുരത്തേക്ക് മാറുകയായിരുന്നു.
അന്നു മാറ്റിയ ഷെഡ്യൂളുകള്‍ കരിപ്പൂരിലേക്ക് മാറ്റാവുന്നതാണെങ്കിലും ഇതില്‍ സാങ്കേതിക പ്രയാസമുണ്ടെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ഇതില്‍ കഴമ്പില്ലെന്നും അങ്ങിനെ ഉണ്ടെങ്കില്‍ ഒമ്പതാം സ്‌റ്റേഷന്‍ (ഡെസ്റ്റിനേഷന്‍) ആയി കരിപ്പൂരിനെ ഉള്‍പ്പെടുത്തണമെന്നും 1000 സീറ്റുകള്‍ അധികം അനുവദിക്കുന്നതോടെ പ്രശ്‌നം ഇല്ലാതാവുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെട്ടാല്‍ തീരുമെന്നുമാണ് മറുവാദം. സഊദി കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുന്നതും ഒരു പോംവഴിയാണെങ്കിലും വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ ആശയ വിനിമയവും ധാരണയും അനിവാര്യമാണ്. എന്നാല്‍, ഇന്ത്യയിലേക്ക് മാത്രം സീറ്റുകള്‍ അധികം അനുവദിക്കുന്നത് സഊദിക്കും സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണ്.
മിഡില്‍ ഈസ്റ്റിലെ നിരവധി രാജ്യങ്ങള്‍ ക്വാട്ട വര്‍ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യം ഉന്നയിച്ചു വരുന്നുണ്ട്. ഖത്തറിന് 27000 സീറ്റുകളും യു.എ.ഇയിലെ ദുബൈക്ക് 65200 സീറ്റുകളുമാണ് നിലവില്‍ അനുവദിച്ചത്. ഇവ എല്ലാം ഉപയോഗിക്കുന്ന അവര്‍ ഇത് ഇരട്ടിയാക്കണമെന്ന് രണ്ടു വര്‍ഷമായിട്ട് ആവശ്യപ്പെടുന്നതാണ്. അതെല്ലാം തള്ളി ഇന്ത്യക്ക് അധിക സീറ്റ് ലഭിക്കുന്നത് എളുപ്പമല്ല. ഡിസംബറില്‍ രണ്ടു ദിവസമായി നടക്കുന്ന ഡെസിപ്രോക്കല്‍ യോഗത്തിലാണ് അടുത്ത ഉഭയകക്ഷി ചര്‍ച്ചകളും കരാറും നടക്കുക. എന്നാല്‍, ഈ പരീക്ഷണത്തിന് നിന്നാല്‍ ജനുവരിക്ക് ശേഷം മാത്രമെ സര്‍വ്വീസ് തുടങ്ങാനാവൂ. അടുത്ത ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് നഷ്ടപ്പെടാനും കാരണമാവുമെന്നും ആശങ്കയുണ്ട്.
തിരുവനന്തപുരത്തേക്ക് മാറ്റിയ ഷെഡ്യൂള്‍ കരിപ്പൂരിലേക്ക് മാറ്റുകയോ ഒമ്പതാം സ്‌റ്റേഷനായി കരിപ്പൂരിനെ നിശ്ചയിച്ച് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി തുടങ്ങിയ ഏതെങ്കിലും സ്‌റ്റേഷനുകളില്‍ നിന്ന് ആയിരം സീറ്റുകളെങ്കിലും തരപ്പെടുത്തുകയോ ആണ് പോംവഴി. ഇതിന് ഭരണ തലത്തില്‍ ശ്രമം നടക്കേണ്ടതുണ്ട്. പക്ഷെ, കേരള സര്‍ക്കാറും മുഖ്യമന്ത്രിയും കണ്ണൂരിലെ സ്വകാര്യ വിമാനത്താവളത്തിന് വേണ്ടി മാത്രം സംസാരിക്കുകയും പൊതുമേഖലയിലുള്ള കരിപ്പൂരിനെക്കാള്‍ പ്രധാന്യമുണ്ടെന്ന് കേന്ദ്രത്തിന് മുമ്പില്‍ ധ്വനിപ്പിക്കുകയോ ചെയ്യുന്നതായും ആരോപണമുണ്ട്. കണ്ണൂരില്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പരസ്യമായി ആവശ്യപ്പെട്ടത് കരിപ്പൂരിന് ആശങ്കയാണ് സമ്മാനിക്കുന്നത്.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്ന് വ്യോമയാന മന്ത്രാലയം ഓപ്പറേഷന്‍ വിഭാഗം ഡയറക്ടര്‍ ഡി.സി ശര്‍മ്മ ഓഗസ്റ്റില്‍ തന്നെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനു ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജിദ്ദയിലേക്ക് നാലും റിയാദിലേക്ക് മൂന്നുമായി ആഴ്ചയില്‍ ഏഴു സര്‍വ്വീസുകള്‍ കരിപ്പൂരില്‍ നിന്ന് തുടങ്ങാന്‍ ധാരണയായി ടിക്കറ്റ് ബുക്കിംഗ് തുടങ്ങാനിരിക്കെയാണ് അനിശ്ചിതത്വം.

chandrika: