ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണക്കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ഹര്‍ജിയാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിച്ച് ബി എസ് യെദിയൂരപ്പ ഗവര്‍ണര്‍ക്കയച്ച രണ്ട് കത്തുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കത്ത് ഹാജരാക്കാമെന്ന് അറിയിച്ച ബി.ജെ.പി അഭിഭാഷകന്‍ മുകുള്‍ റോത്തംഗി കത്തുകള്‍ കോടതിക്ക് കൈമാറി. മെയ് 15 നും മെയ് 16 നും നല്‍കിയ കത്തുകളാണ് ഹാജരാക്കിയത്.

കത്തുകള്‍ വായിച്ച റോത്തഗി സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് വാദിച്ചു. കണക്കിലെ കളികളാണെന്ന് ജസ്റ്റിസ് സിക്രി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിച്ചത്. നാളെ സഭയില്‍ വിശ്വാസവോട്ടടെുപ്പ് നടത്താന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ ആരെ വിളിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണ്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയാണ് നല്ലത്. തെരഞ്ഞെടുപ്പിന് മുമ്പും പിമ്പുമുള്ള സഖ്യം വ്യത്യസ്ഥമാണെന്നും കോടതി പറഞ്ഞു.

വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് ആദ്യത്തെ കത്ത്. മറ്റുള്ളവരുടെ പിന്തുണയുണ്ടെന്നും ഭൂരിപക്ഷം തെളിയിക്കാമെന്നും മെയ് 16 ലെ കത്തില്‍ പറയുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്നും യെദിയൂരപ്പ കത്തില്‍ പറഞ്ഞു.