ബംഗളൂരു: കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് കര്‍ണാടക ഗവര്‍ണര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. വിശ്വാസ പ്രമേയത്തില്‍ ഇന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് സഭാ നടപടികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ അയച്ചു. എന്നാല്‍, വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് കോണ്‍ഗ്രസിന്റെ ഭാഗം.

നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ് ചര്‍ച്ച ഭരണപ്രതിപക്ഷ തര്‍ക്കം മൂലം തടസപ്പെട്ടിരുന്നു. ഉച്ചവരെ പ്രമേയത്തില്‍ ചര്‍ച്ച നടന്നെങ്കിലും ബഹളം മൂലം മൂന്ന് മണി വരെ സഭ നിറുത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് പുനരാരംഭിച്ചെങ്കിലും ഇരുപക്ഷവും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വീണ്ടും സതംഭിച്ചിരുന്നു. വിശ്വാസ പ്രമേയത്തില്‍ ഇന്ന് തന്നെ വോട്ടെടുപ്പ് വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍, പ്രമേയത്തില്‍ ചര്‍ച്ച തുടരണമെന്നും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നത് വരെ വോട്ടെടുപ്പ് നടത്തരുതെന്നുമാണ് ഭരണപക്ഷ നിലപാട്.