ബംഗളൂരു: കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പി തീരുമാനം നീളുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വൈകുന്നതാണ് പെട്ടെന്നുതന്നെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.എസ് യദ്യൂരപ്പയുടെ നീക്കത്തിന് തിരിച്ചടിയായത്. വ്യക്തമായ ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാടിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. ഇതേതുടര്‍ന്ന് ഇന്നലെ കാലത്തു 11 മണിക്ക് ചേരാന്‍ നിശ്ചയിച്ചിരുന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗം മാറ്റിവെക്കുകയായിരുന്നു.
ബി.ജെ.പി ജനറല്‍ സെക്രട്ടറി മുരളീധര റാവു ഇന്നലെ യദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണക്കാര്യത്തില്‍ സാങ്കേതിക തടസ്സങ്ങള്‍ മറികടക്കാനുണ്ടെന്ന് ബി.ജെ.പി വ്യക്തമാക്കിയത്. അതേസമയം സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് മുരളീധര റാവു പറഞ്ഞു. കോണ്‍ഗ്രസ് , ജെ.ഡി.എസ് വിമതര്‍ എന്ത് തീരുമാനം എടുക്കുന്നു എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. അതേസമയം വിപ്പു ലംഘിച്ചു വിശ്വാസ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന വിമതരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിന്മേല്‍ സ്പീക്കറും തീരുമാനം എടുത്തിട്ടില്ല. വിമതരുടെ നീക്കം നിരീക്ഷിച്ച ശേഷമായിരിക്കും സ്പീക്കറുടെ തീരുമാനം.