മലപ്പുറം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു. 100 വയസ്സായിരുന്നു. 11.45ന് കോട്ടക്കല്‍ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മക്കരപ്പറമ്പിനടുത്ത് കരിഞ്ചാപ്പാടി സ്വദേശിയാണ്.

മലബാറിലെ പ്രഥമ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറും പൊതു വിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാ പഠനത്തിന് അസ്തിവാരമിട്ട വിദ്യാഭ്യാസ പ്രവര്‍ത്തകനുമാണ് കരുവള്ളി മുഹമ്മദ് മൗലവി.

1942 ല്‍ ഉര്‍ദു അധ്യാപകനായി സമ്പൂര്‍ണ ഔദ്യോഗിക ജീവിതം ആരംഭിച്ച കരുവള്ളി മുഹമ്മദ് മൗലവി 1974 ല്‍ മുസ്്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായിരിക്കെയാണ് വിരമിച്ചത്. അറബി ഭാഷാപഠനത്തിന്റെയും അധ്യാപകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 1944 ല്‍ അറബിക് പണ്ഡിറ്റ് യൂണിയനും, 1959 ല്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. അറബിക് പണ്ഡിറ്റ് യൂണിയന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും കെ.എ.ടി.എഫിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു.

മക്കരപ്പറമ്പിനടുത്ത കുറുവ കരിഞ്ചാപ്പാടിയില്‍ കരുവള്ളി ഹൈദര്‍ മുസ്്‌ലിയാരുടെയും കടുങ്ങപുരം കരുവാടി ഖദീജയുടെയും പുത്രനായി 1919 ഏപ്രില്‍ ഏഴിന് ജനനം. 1941 ല്‍ പെരിന്തല്‍മണ്ണ, ചാവക്കാട്, വലപ്പാട്, കുമരനെല്ലൂര്‍ എന്നിവിടങ്ങളില്‍ ഡിസ്ട്രിക് ബോര്‍ഡ് ഹൈസ്‌കൂളുകളില്‍ താത്കാലിക അധ്യാപനം. 1943 ല്‍ കാസര്‍കോട് ഗവ.ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി. 1944 ല്‍ മലപ്പുറം മുസ്‌ലിം ഹൈസ്‌കുളില്‍ തിരിച്ചെത്തിയ മൗലവി 1962 ല്‍ പ്രഥമ മലബാര്‍ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി നിയമിതനാകും വരെ ഇവിടെ തുടര്‍ന്നു. 1948 ല്‍ കോട്ടപ്പടിയില്‍ സ്ഥാപിച്ച മസ്ജിദുല്‍ ഫത്ഹില്‍ തുടക്കം മുതല്‍ 1962 വരെ ഖതീബുമായി. മലയാളം, ഇംഗ്ലീഷ്, അറബി, ഉര്‍ദു, പാഴ്‌സി ഹിന്ദി ഭാഷകളില്‍ വൈദഗ്ദ്യം നേടിയ അദ്ദേഹം കേരളക്കരയിലെ ബഹുഭാഷ പണ്ഡിതന്‍ എന്ന ഖ്യാതി നേടി..

1963 ല്‍ കാലിക്കറ്റ് മുസ്്‌ലിം അസോസിയേഷന്റെയും എം.ഇ.എസ്, എം.എസ്.എസ്എന്നിവയുടെയും രൂപീകരണത്തിന് നേതൃത്വം ല്‍കി. 1957 ല്‍ പ്രഥമ കേരള സര്‍ക്കാറിന്റെ അറബി ഭാഷാ പുസ്തക രൂപീകരണ കമ്മിറ്റിയുടെ കണ്‍വീനറായി. മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌പോക്കണ്‍ അറബിക് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങുന്നതിനുള്ള കമ്മിറ്റിയില്‍ അംഗം, സാക്ഷരതാ മലപ്പുറം ജില്ലാ അക്കാദമിക് കൗണ്‍സില്‍ പ്രഥമ ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി ഉര്‍ദു സിലബസ് കമ്മിറ്റി മെമ്പര്‍, സി.ബി.എന്‍.പി, ഡി.പി.ഇ.പി ജില്ലാ കമ്മിറ്റി അംഗം, കേരള ജംഇയ്യത്തുല്‍ ഉലമ എക്‌സിക്യൂട്ടീവ് മെമ്പര്‍, കേരളനദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കൂടിയാലോചന സമിതി അംഗം, കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍, കെ.എന്‍.എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്, ജാമിഅ അല്‍ഹിന്ദ് അക്കാദമിക് ചെയര്‍മാന്‍, ജാമിഅ സലഫിയ്യ യൂണിവേഴ്‌സിറ്റി, മദീനത്തുല്‍ ഉലൂം അറബിക് കോളജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം, മലപ്പുറം വലിയങ്ങാടി യതീംഖാന സ്ഥാപകാംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കരിഞ്ചാപ്പാടി സലഫി മസ്ജിദ് ഖതീബാണ്.

വൈകിട്ട് അഞ്ചു മണി വരെ പടപ്പറമ്പ് എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. ആറു മണിക്ക് കരിഞ്ചാപ്പാടി ജുമാ മസ്ജിദില്‍ ഖബറടക്കം.