ശ്രീനഗര്‍: കാശ്മീര്‍ മന്ത്രിസഭയിലേക്ക് പുതിയ ഉപമുഖ്യമന്ത്രിയും ആറ് പുതിയ മന്ത്രിമാരും ഇന്ന് ചുമതലയേല്‍ക്കും. കഠ്‌വ പീഡനക്കേസ് പ്രതികള്‍ക്ക് പിന്തുണയര്‍പ്പിച്ചുളള റാലിയില്‍ പങ്കെടുത്തതിന് രണ്ട് ബി.ജെ.പി മന്ത്രിമാര്‍ നേരത്തെ രാജിവച്ചിരുന്നു. സി.ബി.ഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നിലപാടിനൊപ്പം നിന്ന ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗിനെ ബി.ജെ.പി ഞായറാഴ്ച രാജിവെപ്പിച്ചു.

നിര്‍മല്‍സിംഗിന് പകരം നിയമസഭാസ്പീക്കര്‍ കവിന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയാകും. ബി.ജെ.പി നേതാക്കളായ സാത് ശര്‍മ, രാജീവ് ജസ്‌രോതിയ, ദേവിന്ദര്‍ കുമാര്‍ മന്യാല്‍, ശക്തിരാജ് എന്നിവരാണ് മന്ത്രിമാരാകുക. പി.ഡി.പിയില്‍ നിന്ന് മുഹമ്മദ് ഖലില്‍ ബന്ത്, മുഹമ്മദ് അഷ്‌റഫ് മിര്‍ എന്നിവരാണ് മന്ത്രിസഭയിലേക്കെത്തുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ശ്രീനഗറിലെ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.