മലപ്പുറം: ഉരുള്‍പ്പൊട്ടലുണ്ടായ കവളപാറയില്‍ നിന്ന് ഇന്ന് 7 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ബുധനാഴ്ച്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേസമയം, ദുരന്തബാധിത പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ഇതോടെ സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 104 ആയി.

ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ നിന്ന് രാവിലെയോടെയാണ് 7 ഏഴുമൃതദേഹങ്ങള്‍ കൂടി പുറത്തെടുത്തത്. കവളപാറയില്‍ നിന്ന് ഇതുവരെ മരിച്ചവരുടെ എണ്ണം മുപ്പതായി. പ്രദേശത്ത് മഴ ശക്തമായത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രക്ഷാദൗത്യം ദിവസങ്ങള്‍ പിന്നിടുമ്പോഴും ആളുകളെ കണ്ടെത്താനുള്ള കഠിന പരിശ്രമം തുടരുകയാണ് സൈന്യവും ഫയര്‍ഫോഴ്‌സും പോലീസും ഒപ്പം സന്നദ്ധ സംഘടനകളും.

അതേസമയം അടുത്ത 24 മണിക്കൂറില്‍ നൂന്യമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.