കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാമാധവനെ പ്രതിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പോലീസ്. നാദിര്‍ഷയേയും പ്രതിയാക്കേണ്ടതില്ല. എന്നാല്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സംവിധായകന്‍ നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും, കാവ്യക്കെതിരെയും അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ അറിയിക്കും. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസ് അന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി കാവ്യ ഹൈക്കോടതിയിലെത്തിയത്. അടിയന്തര പ്രാധാന്യത്തോടെ ശനിയാഴ്ച്ച തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതിചേര്‍ക്കാത്ത സാഹചര്യത്തില്‍ അതിന്റെ കാര്യമില്ലെന്നായിരുന്നു കോടതി നിലപാട്.