പ്രധാനമന്ത്രി നരേന്ദ്രമോദിയെപോലെ ഇത്രമാത്രം തരംതാഴ്ന്ന മറ്റൊരു വ്യക്തിയില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജ്യത്തിനുവേണ്ടി വീരമ്യുത്യുവരിച്ച രാജീവിഗാന്ധിയെക്കുറിച്ച് ഇത്രയും തരംതാഴ്ന്ന പ്രസ്താവന നടത്താന്‍ മോദിയ്ക്ക് മാത്രമേ സാധിക്കൂ. ഇന്ത്യയില്‍ ഇതുവരെ ഉണ്ടായ പ്രധാനമന്ത്രിമാര്‍ക്ക് കളങ്കമാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2005 ല്‍ രാജീവ് ഗാന്ധിയെ ബോഫേഴ്‌സ് കേസില്‍ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തനാക്കിയതാണ്. വാസ്തവ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ച്ചയായി മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു. മരിച്ചവരെക്കുറിച്ച് സംസാരിക്കുമ്പോള്‍ കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന മോദി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.