കോഴിക്കോട്: റഫേല്‍ ഇടപാടിലെ കുംഭകോണത്തില്‍ ജെ പി സി അന്വേഷണത്തെ പ്രധാനമന്ത്രി മോദി ഭയക്കുന്നുവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതി അംഗവുമായ കെ സി വേണുഗോപാല്‍ എംപി. അഴിമതിയുടെ പുകമറ സൃഷിടിച്ച് അധികാരത്തിലേറിയ ബി ജെ പി സര്‍ക്കാര്‍ പ്രതിരോധ അഴിമതിയില്‍ മൗനം പാലിക്കുകയാണന്ന് കെ സി വേണുഗോപാല്‍ ഡി സി സിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഴിമതിക്കെതിരെ അണ്ണാഹസാരെ നടത്തിയ സമരം സ്‌പോര്‍ണസര്‍ ചെയ്ത് ബി ജെ പി ലോക്പാല്‍ നിയമം പാസാക്കി നാലര കൊല്ലം കഴിഞ്ഞിട്ടും ലോക്പാലിനെ നിയമിക്കാത്തത് സ്വന്തം ഗവണ്‍മെന്റിന്റെ അഴിമതി പുറത്തു വരുമെന്ന ഭയത്തിലാണന്നും അദ്ദേഹം പറഞ്ഞു.

2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഈ അഴിമതി ഉയര്‍ത്തി കാട്ടിയാവും കോണ്‍ഗ്രസ് പ്രചരണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി പാവങ്ങളെ കൊള്ളയടിച്ച്, മുതലാളിമാര്‍ക്ക് റഫേല്‍ പോലുള്ള വിമാന ഇടപാടുകളിലൂടെ കോടികണക്കിന് രൂപയുടെ അഴിമതി ആനുകൂല്യങ്ങള്‍ നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയുടെ പുകമറ പൂര്‍ണ്ണമായും വെളിച്ചത്തു വന്നിരിക്കയാണ്. രാജ്യത്തെ സാമ്പത്തിക സ്ഥിതി തകിടം മറിഞ്ഞിരിക്കുകയാണ്. മോദിയുടെ നാലര വര്‍ഷകാലത്തെ ഭരണപരാജയവും അഴിമതിയും വാഗ്ദാന ലംഘനവുമായിരിക്കും തിരഞ്ഞെടുപ്പ് രംഗത്തെ കോണ്‍ഗ്രസിന്റെമ മുഖ്യ വിഷയം. റഫാല്‍ അഴിമതിക്കെതിരെ കോണ്‍ഗ്രസ് ദേശവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ വി്ശ്വാസിക്കള്‍ക്കൊപ്പമാണ് യു ഡി എഫ്. ഒരോ ക്ഷേത്രങ്ങള്‍ക്കും അവരുടെയതായ ആചാരനുഷഠാനങ്ങളുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ കോടതി വിധി കൊണ്ട് ഇല്ലാതാകുമെന്ന് വിശ്വസിക്കുന്നില്ല. വിഷയത്തില്‍ ആര്‍ എസ് എസ് തകിടം മറിയുകയാണ്. ശബരിമല നിലപാട് ക്രമേണ ഏകീകൃത സിവില്‍ കോഡിലേക്ക് എത്തിക്കാനാണ് ബി ജെ പിയുടെ അജണ്ട. സ്ത്രീ പ്രവേശനം വിശ്വാസികളോടോ ബന്ധപ്പെട്ട സംഘടനകളോടോ ചര്‍ച്ച ചെയ്തു വേണമായിരുന്നു സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടിയിരുന്നത്. വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ചു കഴിഞ്ഞാല്‍ ഉണ്ടാക്കുന്ന പ്രത്യഘാതങ്ങള്‍ വലുതാണ്. ആചാരനുഷ്ഠാനങ്ങളെ ഒരു സുപ്രഭാതത്തിലെ കോടതി വിധി കൊണ്ട് തടസ്സപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.

തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചക്കു വിളിച്ചത് സ്വാഗതാര്‍ഹമാണ്. സര്‍ക്കാരിന് വൈകിയുദിച്ച ബുദ്ധിയാണിതെന്നും സത്യാവാങ്മൂലം നല്‍കും മുമ്പേ ഇത്തരം ചര്‍ച്ച നടന്നിരുന്നെങ്കില്‍ ഈ ആശയകുഴപ്പം നിലനില്‍ക്കില്ലായിരുന്നു. സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ബ്രൂവറി ശക്തമായി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യോജിക്കാവുന്ന കക്ഷികളുമായി സഖ്യചര്‍ച്ചകള്‍ തുടങ്ങി് , അതേസമയം, സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ല. കേരളത്തില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, കെപിസിസി ജനറല്‍ സെക്രട്ടറി വി എ നാരായണന്‍, അഡ്വ. പി ശങ്കരന്‍, അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ സി അബു, അഡ്വ. പി എം നിയാസ്, കെ പി ബാബു സംബന്ധിച്ചു.