തിരുവനന്തപുരം: കൊലപാതകം നടത്തിയത് ആത്മാവാണെന്ന് നന്തന്‍കോട് കൂട്ടകൊലപാതകത്തിലെ പ്രതി കേഡല്‍. ആഭിചാര പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള താല്‍പ്പര്യങ്ങളാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നും കേഡല്‍ പോലീസിനോട് പറഞ്ഞു. പ്രതിയുടെ മൊഴി പരസ്പരവിരുദ്ധമാണെന്ന് കണ്ട പോലീസ് കേഡലിനെ മന:ശാസ്ത്ര വിദഗ്ധന്റെ സാന്നിധ്യത്തിലാണ് പിന്നീട് ചോദ്യം ചെയ്തത്.

വീടിനുള്ളില്‍ നാലുപേരെയും കൊന്നത് താനാണെന്ന് കേഡല്‍ സമ്മതിച്ചിട്ടുണ്ട്. കൊന്നതിന് ശേഷം ബാത്‌റൂമിലിട്ട് കത്തിക്കുകയായിരുന്നുവെന്ന് കേഡല്‍ മൊഴി നല്‍കി. വീട്ടുജോലിക്കാരിയുടേയും കേഡലിന്റേയും മൊഴിയില്‍ വ്യത്യാസം കാണുന്നുണ്ട്. എന്നാല്‍ കൊലപാതകം എന്തിനുവേണ്ടിയാണ് എന്നതിന് ഇയാള്‍ വ്യക്തത നല്‍കുന്നില്ല. കഴിഞ്ഞ 15വര്‍ഷമായി ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നത് ഇയാള്‍ പരിശീലിക്കുന്നുവെന്ന് പറയുന്നുണ്ട്. ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പിരിക്കുന്നതാണിത്. ആത്മാവാണ് ഇതൊക്കെ ചെയ്തതെന്നും കേഡല്‍ പറയുന്നു. പ്ലസ്ടുവിന് ശേഷം വിദേശത്തേക്ക് നേഴ്‌സിംഗ് പഠിക്കാന്‍ പോയ കേഡലിന് അവിടെ നിന്നാണ് ആഭിചാരത്തിനോട് കൂടുതല്‍ ഇഷ്ടം തോന്നുന്നതെന്നും മൊഴിയില്‍ പറയുന്നുണ്ട്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് ചോദ്യം ചെയ്തത്. സാക്ഷികളുടേയും മൊഴിയെടുത്തു. കസ്റ്റടിയില്‍ വാങ്ങിയശേഷമായിരിക്കും കേഡലിനെ തെളിവെടപ്പിന് കൊണ്ടുപോവുക.കൊലപാതകം നടത്തി ഒളിവില്‍ പോയ കേഡലിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടുന്നത്.