ആര്‍.എസ്.എസ് സമ്മര്‍ദഫലമായാണ് കേന്ദ്രത്തിന്റെ തീരുമാനം. സംസ്ഥാനത്ത് എന്‍.എച്ച് വികസനത്തിന് പാരവെക്കാന്‍ മലയാളിയായ കേന്ദ്രമന്ത്രി കൂട്ടുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു

കീഴാറ്റൂരില്‍ ബദല്‍ പാതയുടെ സാധ്യതാ പഠനത്തിന് കേന്ദ്രം സമിതിയെ നിയോഗിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര നടപടി ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ആര്‍.എസ്.എസ് സമ്മര്‍ദഫലമായാണ് കേന്ദ്രത്തിന്റെ തീരുമാനം. സംസ്ഥാനത്ത് എന്‍.എച്ച് വികസനത്തിന് പാരവെക്കാന്‍ മലയാളിയായ കേന്ദ്രമന്ത്രി കൂട്ടുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നേരത്തേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്രനടപടിയെ വിമര്‍ശിച്ചിരുന്നു.

കീഴാറ്റൂരില്‍ ബദല്‍ പാതക്ക് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന് കേന്ദ്ര ഗതാഗതമന്ത്രി അറിയിച്ചതായി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പറഞ്ഞത്. വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള തീരുമാനത്തില്‍ തൃപ്തിയുണ്ടെന്ന് സമരക്കാരും പറഞ്ഞു.

അലൈന്‍മെന്റ് മാറുമെന്നാണ് പ്രതീക്ഷയെന്ന് വയല്‍കിളികള്‍ അറിയിച്ചു. തുരുത്തിയിലെ അലൈന്‍മെന്റ് വിഷയവും സമിതി പഠിക്കും.

വയല്‍ക്കിളി സമരസമിതി പ്രതിനിധികള്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി നേതാക്കള്‍, നാഷണല്‍ ഹൈവേ അതോററ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളാരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.