തിരുവനന്തപുരം: കീഴാറ്റൂര്‍ സമരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല, വയല്‍ കഴുകന്‍മാരാണെന്ന് സുധാകരന്‍ പറഞ്ഞു. കീഴാറ്റൂരിലെ വയല്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന്‍ നല്‍കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരാണ് കീഴാറ്റൂരില്‍ സമരത്തിന് വന്നിരിക്കുന്നത്. നന്ദിഗ്രാമും സിംഗൂരുമായി കീഴാറ്റൂരിന് സാമ്യമില്ല. ഒരു കുഞ്ഞിനെപ്പോലും കീഴാറ്റൂരില്‍ വെടിവക്കാന്‍ പോകുന്നില്ല. ഒരു തുള്ളി രക്തവും അവിടെ വീഴ്ത്തില്ല.

ബൈപാസ് റോഡ് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കീഴാറ്റൂരിലെ 99 ശതമാനം ജനങ്ങളും. കൈപ്പിടിയില്‍ ഒതുങ്ങാവുന്ന ആള്‍ക്കാര്‍ മാത്രമാണ് ബൈപ്പാസ് പദ്ധതിയെ എതിര്‍ക്കുന്നത്. കീഴാറ്റൂരില്‍ വികസന വിരുദ്ധന്‍മാര്‍ മാരീചവേഷം പൂണ്ടുവരികയാണ്. എല്‍.ഡി.എഫ് സര്‍ക്കാരല്ല യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന അലൈന്‍മെന്റ് പ്രകാരമാണ് കീഴാറ്റൂരിലൂടെ ബൈപ്പാസ് പോവുന്നതെന്നും ജി.സുധാകരന്‍ പറഞ്ഞു.