ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നക്‌സലൈറ്റാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ബംഗാള്‍, കേരള, കര്‍ണാടക, ആന്ധ്ര മുഖ്യമന്ത്രിമാര്‍ എന്തിനാണ് കെജരിവാളിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അണ്ണാ ഹസാരെയുടെ കൂടെ നിന്നിട്ട് പിന്നീട് അദ്ദേഹത്തെ തള്ളിപ്പറഞ്ഞയാളാണ് കെജരിവാള്‍. അദ്ദേഹം മറച്ചുവെക്കപ്പെട്ട നക്‌സലൈറ്റാണ്-സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കെജരിവാളും മന്ത്രിമാരും നടത്തുന്ന കുത്തിയിരിപ്പ് സമരം ഏഴാം ദിവസവും തുടരുകയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥന്‍മാര്‍ സര്‍ക്കാറുമായി സഹകരിക്കുന്നില്ലെന്നും ഇതില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സമരം. അതിനിടെ സമരത്തിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, ചന്ദ്രബാബു നായിഡു, മമതാ ബാനര്‍ജി, എച്ച്.ഡി കുമാരസ്വാമി എന്നിവര്‍ രംഗത്തെത്തി. സമരത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കി.