കോഴിക്കോട്: ഗുണ്ടകള്‍ ഭരിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. പേടിപ്പെടുത്തുന്ന സംഭവങ്ങളാണ് ഓരോ ദിവസവും കേരളത്തില്‍ നിന്നും കേള്‍ക്കുന്നത്. പൊലീസിന്റെ അനാസ്ഥ മൂലം കൊല്ലപ്പെടുന്നവരും പൊലീസ് തന്നെ കൊല്ലുന്നവരും ഇക്കൂട്ടത്തിലുണ്ട്. ജനവികാരം ശമിപ്പിക്കാനുള്ള താല്‍ക്കാലികമായ ഒരു സസ്‌പെന്‍ഷനില്‍ നടപടി ഒതുക്കുകയും സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞാല്‍ ആ കാലത്തെ ശമ്പളമടക്കം കൊടുക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

ഗുണ്ടാസംഘങ്ങള്‍ സൈ്വര്യ വിഹാരം നടത്തുന്നതിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടാണ് നമ്മളിപ്പോള്‍ മത്സരിക്കുന്നത്. ഈ പോക്ക് പോയാല്‍ കേരളത്തെ വൈകാതെ ഉത്തര്‍പ്രദേശ് എന്നോ രാജസ്ഥാന്‍ എന്നോ വിളിക്കേണ്ടി വരും! ഇരട്ടച്ചങ്കന്‍ ഭരിക്കുന്ന സംസ്ഥാനം എന്നതിനേക്കാള്‍ ഗുണ്ടകള്‍ ഭരിക്കുന്ന സംസ്ഥാനം എന്നാണ് യഥാര്‍ത്ഥത്തില്‍ കേരളത്തെ വിശേഷിപ്പിക്കേണ്ടത്-ഫിറോസ് പറഞ്ഞു.