ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2020-21 സീസണിന് നാളെ തുടക്കം കുറിക്കുകയാണ്. എല്ലാ ടീമുകളും ഒന്നിനൊന്ന് മികച്ച കളിക്കാരുമായാണ് സീസണിനായി ഒരുങ്ങിയിരിക്കുന്നത്. മികച്ച വിദേശകളിക്കാരെ ടീമില്‍ എത്തിക്കുന്നതിനോടൊപ്പം മികച്ച ഇന്ത്യന്‍ താരങ്ങളെയും ടീമിലെത്തിക്കാന്‍ എല്ലാ ടീമുകളും ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.

നിരവധി വിദേശ താരങ്ങളെ പൊന്നുംവില കൊടുത്ത് ടീമുകളില്‍ എത്തിച്ചിട്ടുണ്ടെങ്കിലും ഈ സീസണിലെ ഏറ്റവും മൂല്യമേറിയ താരം ആരെന്ന ചോദ്യത്തിന് ഉത്തരം അത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പറാണെന്നുള്ളതാണ്. ഓസ്‌ട്രേലിയന്‍ ലീഗില്‍ നിന്നും ഐഎസ്എല്ലിലേക്ക്, കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഗ്യാരി ഹൂപ്പറെത്തുമ്പോള്‍ ക്ലബ്ബിന്റെ പ്രതീക്ഷകള്‍ വാനോളമാണ്. തന്റെ കരിയറിലുടനീളം മിന്നും പ്രകടനവുമായി തിളങ്ങിയ ഹൂപ്പറിനെ മുന്നില്‍ നിര്‍ത്തി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് അക്രമണത്തിന് മൂര്‍ച്ച കൂട്ടുന്നത്.

സെല്‍റ്റിക്, നോര്‍വിച്ച് സിറ്റി, ഷെഫീല്‍ഡ് വെനസ്‌ഡേ, വെല്ലിങ്ടണ്‍ ഫെനിക്‌സ് എന്നീ പ്രമുഖ ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞ ശേഷമാണ് ഐസിഎല്ലിലേക്കുള്ള താരത്തിന്റെ വരവ്. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ലീഗായ എ ലീഗിലെ വെല്ലിങ്ടണ്‍ ഫെനിക്‌സില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് ഗാരി എത്തുന്നത്.

ഹൂപ്പറുടെ പങ്കാളിയാകാന്‍ സാധിക്കുന്ന രണ്ട് വിദേശ താരങ്ങളാണ് ടീമിലുള്ളത്. ഏഷ്യന്‍ കോട്ട തികച്ച് എത്തിയ ഓസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ മുറെയും അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ഫകുണ്ടോ പെരേരയും. മുറെ കിബുവിന്റെ തന്ത്രങ്ങളിലെ പകരക്കാരനായി എത്താനാണ് സാധ്യത കൂടുതല്‍. അങ്ങനെയെങ്കില്‍ സെക്കന്‍ഡ് സ്‌ട്രൈക്കറുടെ റോളില്‍ അറ്റാക്കിങ് മിഡ് ഫീല്‍ഡ് പൊസിഷനില്‍ കളിക്കുന്ന ഫകുണ്ടോ തന്നെയാകും ഹൂപ്പറിന്റെ കൂട്ടാളി. മലയാളി താരം കെ.പി രാഹുലിനെ വിങ്ങില്‍ പരീക്ഷിക്കാന്‍ വികുന്ന തീരുമാനിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. രാഹുലിന്റെ വേഗതയും ഗാരിയുടെ ഫിനിഷിങ്ങും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സിനെ സഹായിക്കുമെന്ന് ഉറപ്പാണ്.

വിവിധ ലാറ്റിന്‍ അമേരിക്കന്‍ ലീഗുകളില്‍ കളിച്ച് പരിചയമുള്ള, ചടുലമായ ആക്രമണ നീക്കങ്ങള്‍ക്ക് പേരുകേട്ട അര്‍ജന്റീനിയന്‍ താരം ഫകുണ്ടോ എബെല്‍ പെരേരയാണ് ആദ്യ ഇലവനില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന വിദേശ താരങ്ങളിലൊരാള്‍. ഇന്ത്യന്‍ താരങ്ങളായ നോറോ സിങ്ങും ഷയ്‌ബോര്‍ലാങ് ഖാര്‍പ്പനുമാണ് മുന്നേറ്റത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ ബാക്ക്അപ്പ് ഓപ്ഷനുകള്‍. മുന്നേറ്റത്തില്‍ മൂന്ന് താരങ്ങളെയാണ് വികുനയിറക്കുന്നതെങ്കില്‍ വിങ്ങുകളില്‍ ഒന്നിന്റെ ചുമതല നോറോമിനായിരിക്കും.