X

സന്തോഷ് ട്രോഫി: പ്രതീക്ഷകളില്‍ കേരളം

ഷഹബാസ് വെള്ളില

മലപ്പുറം: കേരളം ഒരിക്കല്‍ കൂടി സന്തോഷ് ട്രോഫിയുടെ കലാശപ്പോരിനിറങ്ങുകയാണ്. എതിരാളികള്‍ ബന്ധ ശത്രുവായ ബംഗാള്‍. ഫൈനല്‍ മത്സരത്തിന് നേരത്തേയും ബംഗാളും കേരളവും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 1989ല്‍ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റിയില്‍ കേരളം കിരീടം കൈവിട്ടു. 2004ല്‍ ഇഗ്‌നേഷ്യസിന്റെ നായകത്വത്തില്‍ രാജ്യ തലസ്ഥാനത്തുനിന്നും കപ്പുമായി വന്ന കേരളത്തിന് സന്തോഷ് ട്രോഫിയില്‍ പിന്നെ സന്തോഷിക്കാനായിട്ടില്ല. 2012ല്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ സര്‍വീസസിനോട് തോറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ടീം ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നുമില്ല. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച ടീം കിരീടവുമായി മടങ്ങുമെന്ന് തന്നെയാണ് ഏവരുടേയും പ്രതീക്ഷ. മുന്‍ ഇന്ത്യന്‍ താരങ്ങളും സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ എക്കാലത്തേയും മികച്ച കളിക്കാരുമായിരുന്ന യു ഷറഫലി, കുരികേഷ് മാത്യൂ, കെടി ചാക്കോ എന്നിവര്‍ പ്രതീക്ഷകള്‍ പങ്കുവെക്കുന്നു
കേരളം ഇത്തവണ
കിരീടം നേടുമെന്ന്
ഷറഫലി
”കേരളം ടീം മികച്ച ഫോമിലാണ്. എതിരാളികളുടെ കളിക്കനുസരിച്ച് തന്ത്രം മെനയുന്ന പരിശീലകനും ടീമിന് വിജയം നേടിത്തരുമെന്ന് തന്നെയാണ് പ്രതീക്ഷ. ടൂര്‍ണ്ണമെന്റില്‍ നടന്ന എല്ലാ മാച്ചുകളിലും കേരളം കരുത്ത് തെളിയിച്ചതാണ്. ബംഗാളിനേയും തോല്‍പ്പിക്കാനായി. ഇത് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും ഫൈനല്‍ മത്സരത്തിന്റെ സമ്മര്‍ദ്ദം ചെറുതല്ല. റഫറിംഗും കാണികളും ടീമിന് വേല്ലുവിളി തന്നെയാകും. സ്വന്തം നാട്ടില്‍ കളിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ബംഗാളിനുണ്ടാകും. ഇവയെല്ലാം മറികടന്നുള്ളൊരു വിജയമാണ് കേരളം അര്‍ഹിക്കുന്നത്. നമ്മളെല്ലാം ആഗ്രഹിക്കുന്നതും. അതിനായി നമ്മുക്ക് കാത്തിരിക്കാം”.
1985 മുതല്‍ 1995 വരെ കാലയളവില്‍ സൂപ്പര്‍ സോക്കര്‍ പരമ്പര, നെഹ്രു കപ്പ്, സാഫ് ഗെയിംസ്, ഏഷ്യ കപ്പ്, പ്രസിഡന്റ്‌സ് കപ്പ്, പ്രീ വേള്‍ഡ് കപ്പ് എന്നീ ടൂര്‍ണ്ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് അരീക്കോട്ടുകാരന്‍ യു.ഷറഫലി. 1993 ല്‍ ഇന്ത്യന്‍ ടീമിന്റെ നായകത്വം വഹിച്ചു. 1990, 91 വര്‍ഷങ്ങളില്‍ ഫെഡറേഷന്‍ കപ്പ് നേടിയ കേരള പോലീസ് ടീമില്‍ അംഗമായിരുന്നു. എട്ട് തവണ കേരളത്തിനും ഒരു തവണ ബംഗാളിനും സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള പോലീസില്‍ കമാണ്ടന്റാണ്.

സ്‌കോറിംഗ്
ശ്രദ്ധിച്ചാല്‍
കപ്പടിക്കുമെന്ന്
കുരികേശ്
”ബംഗാള്‍ നല്ല ടീമാണ്. കേരളം അതിനേക്കാള്‍ മികച്ച ടീമും. അവസരങ്ങള്‍ മുതലാക്കിയാല്‍ വിജയം മറ്റെങ്ങും പോവില്ല. ഫൈനലാണ് എന്നതുകൊണ്ടുതന്നെ എല്ലാ അടവുകളും പുറത്തെടുക്കുന്ന മത്സരം തീപ്പാറും. കായികപരമായും ബംഗാളിനെ നേരിടേണ്ടിവരും. അവരുടെ കാണികളും ഒഫീഷ്യല്‍സും റഫറികള്‍ വരെ നമ്മുക്ക് എതിരാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനോടെല്ലാം നമ്മള്‍ പോരാടേണ്ടിവരും. നേരത്തെ ഇത്തരം അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ഇതുവരെ കളിച്ച രീതിയില്‍ ഒത്തിണക്കത്തോടെ കളിച്ചാല്‍ കപ്പ് കേരളം തന്നെ നേടും. മിസ്സോറാം നല്ല ടീമായിരുന്നു. അവരുടെ കായിക ക്ഷമത അപാരമാണ്. എന്നിട്ടും കേരളം മികവു കാട്ടിയത് നല്ല ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

റഫറിയോടും
ജയിക്കേണ്ടി വരും
കെ.ടി ചാക്കോ
”ബംഗാളില്‍ നടക്കുന്ന മത്സരമായതിനാല്‍ ഗ്രൗണ്ടിലെ 11 പേരോട് മാത്രമല്ല റഫറിയോടും അസിസ്റ്റന്റ് റഫറിമാരോടും മറ്റു ഒഫീഷ്യല്‍സിനോടും മത്സരിക്കേണ്ടിവരും കേരളത്തിന്. ഇതിനേയൊക്കെ അതിജീവിക്കുകയെന്ന വെല്ലുവിളിയും കേരളത്തിനുണ്ട്. ഗ്രൗണ്ടില്‍ കേരളം തന്നെയാകും മികച്ച് നില്‍ക്കുക. ഇത്തവത്തെ സന്തോഷ് ട്രോഫിയിലെ നമ്പര്‍ വണ്‍ ടീമാണ് കേരളം. ഫോം തുടരാനായാല്‍ കേരളം ബംഗാള്‍ വല നിറക്കും. ബംഗാള്‍ കൂടുതല്‍ പരുക്കന്‍ കളി പുറത്തെടുത്തേക്കാം. എന്നാല്‍ ഇതിനേയെല്ലാം എതിരിട്ട് തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിടുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനായിട്ട് തന്നെയാണ് പ്രാര്‍ത്ഥനയും. ദീര്‍ഘനാളായി ദേശീയ തലത്തില്‍ കേരള ഫുടബോള്‍ കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നില്ല. സന്തോഷ് ട്രോഫി വിജയത്തിലൂടെ കേരളം വീണ്ടും ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെറുകയിലെത്തട്ടെ.”ആറു തവണ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ വാല കാത്തിട്ടുണ്ട് കെടി ചാക്കോ. സന്തോഷ് ട്രോഫിയില്‍ കേരളം ബംഗാള്‍ ഫൈനല്‍ നടന്ന 1989ല്‍ കേരളത്തിന്റെ വലകാത്തത് ചാക്കോയായിരുന്നു. നിശ്ചിത സമയത്ത് ഓരോ ഗോളുകള്‍ നേടി ടീമുകള്‍ സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടു. ബംഗാള്‍ എടുത്ത ആദ്യ കിക്ക് ചാക്കോ തടുത്തിട്ടെങ്കിലും അവസാനം കേരളം കിക്ക് പാഴാക്കി തോല്‍വി വാങ്ങുകയായിരുന്നു. 4-3 നായിരുന്നു കേരളത്തിന്റെ ഫൈനല്‍ തോല്‍വി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: