കൊച്ചി: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഉണ്ടാക്കിയ കടബാധ്യതയില്‍ വന്‍ വര്‍ധനവ്. 57 മാസം നീണ്ട പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് 84,457.49 കോടി രൂപയാണ് വായ്പയെടുത്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ ആകെ കടബാധ്യത 1,09,730.97 കോടി രൂപയായിരുന്നു. അതിപ്പോള്‍ 1,94,188.46 കോടി രൂപയായി . 77 ശതമാനമാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് കടബാധ്യതയിലുണ്ടായ വര്‍ധന.

ഈ സര്‍ക്കാര്‍ ഒരോ മാസവും 1481.71 കോടി രൂപ വായ്പ എടുത്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ മലയാളിയുടെ ആളോഹരി കടബാധ്യത 32,129.23 രൂപയായിരുന്നു. ഇപ്പോഴത് 55,778.34 രൂപയായി.

2020’21 സാമ്പത്തികവര്‍ഷത്തെ ഡിസംബര്‍ വരെയുള്ള റവന്യൂ വരുമാനം (അക്കൗണ്ട് ജനറല്‍ നല്‍കുന്ന താത്കാലിക കണക്ക് പ്രകാരം) 61,670.40 കോടി രൂപയാണ്. അതായത് ഒരു മാസത്തെ ശരാശരി റവന്യൂ വരുമാനം 6852.22 കോടി രൂപ. റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും ചെലഴിക്കുന്നതും ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു മാസത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നല്‍കുന്ന ശമ്പളം 2419.30 കോടി രൂപയാണ്. പെന്‍ഷന്‍ 1550.90 കോടി, മന്ത്രിമാരുടെ ശമ്പളം 19.40 ലക്ഷം (2019 ഒക്ടോബറിലെ വിവരം), എംഎല്‍എമാരുടെ ശമ്പളം 60.50 ലക്ഷം എന്നിങ്ങനെയും പ്രതിമാസം ചെലവഴിക്കുന്നു.

അതേസമയം 2016’17 സാമ്പത്തിക വര്‍ഷത്തില്‍ 16,151.89 കോടി, 2017’18 17,101.66 കോടി, 2018’19 15,249.92 കോടി, 2019’20 16,405.76 കോടി, 2020’21 19,548.26 കോടി രൂപ വായ്പയുമെടുത്തു.