Connect with us

Article

ലഹരി ഉപയോഗത്തിന്റെ ഹബ്ബായി മാറുന്ന കേരളം

മനോഹരമായ വര്‍ണക്കടലാസില്‍ പൊതിഞ് കുഞ്ഞുമക്കളുടെ കൈകളില്‍ മധുര മിഠായിയായിത്തുടങ്ങി വിപുലമായ വിപണീജാലികയാണ് മാഫിയകള്‍ പണിതുണ്ടാക്കിയിട്ടുള്ളത്. ഇത് തകര്‍ക്കുക എന്നതാണ് ഭാവിതലമുറയെ രക്ഷപ്പെടുത്താനുള്ള ഏക മാര്‍ഗം.

Published

on

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

ധാര്‍മികവും സദാചാരപരവുമായ എല്ലാ സീമകളും ലംഘിച്ച് നാട് വലിയ പ്രതിസന്ധിയിലേക്കാണ് പാഞ്ഞടുക്കുന്നത്. ആണ്‍ പെണ്‍, പ്രായവ്യത്യാസമില്ലാതെ ലഹരി ഉപയോഗം പടര്‍ന്നു പന്തലിക്കുകയാണ്. ഊഹിക്കുന്നതിലും അപ്പുറമാണ് ലഹരി മാഫിയയുടെ സ്വാധീനം. പ്രത്യേകിച്ച് യുവ സമൂഹത്തില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ലഹരിയുടെ പ്രലോഭനത്തെ തടയാന്‍ എല്ലാ വിഭാഗം ജനങ്ങളും സംവിധാനങ്ങളും സൗകര്യങ്ങളും എണ്ണയിട്ട യന്ത്രം പോലെ ഒരേ മനസ്സായി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇതിന് തടയിടാന്‍ കഴിയുകയുള്ളൂ.

ഇന്ത്യയിലെത്തന്നെ വൃത്തികെട്ട മദ്യാസക്തി നിലവിലുള്ള സംസ്ഥാനമായ കേരളം അതീവ മാരകശേഷിയുള്ള രാസലഹരി വസ്തുക്കളുടെ ഉപയോഗത്തിലും മുന്നേറുന്നത് നാടിന്റെ ആകെ സ്വാസ്ഥ്യം കെടുത്തുകയാണ്. അടിമത്വവും വിധേയത്വവുമുണ്ടാക്കുന്നതില്‍ എം.ഡി.എം.എ പോലെയുള്ള പുതിയ ലഹരി പദാര്‍ഥങ്ങള്‍ മദ്യത്തേക്കാള്‍ എത്രയോ മാരകമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം തകരുന്നതോടെ വ്യക്തി നശിക്കുകയും അത് കുടുംബത്തിന്റെ ഭദ്രതയും തുടര്‍ന്ന് രാജ്യത്തിന്റെ സ്വസ്ഥത നശിപ്പിക്കുകയും ചെയ്യുന്നു. പകര്‍ച്ചവ്യാധികള്‍ യുദ്ധം പ്രകൃതിദുരന്തം എന്നിവയേക്കാള്‍ ജനങ്ങള്‍ തെരുവില്‍ കിടന്നു മരിക്കുന്ന വാഹനാപകടങ്ങള്‍ ഉള്‍പ്പെടെ കൊള്ള കൊലപാതകം കുടുംബ കലഹം തുടങ്ങി സകല തിന്മകളുടെയും ജീര്‍ണതകളുടെയും ഉറവിടമാണ് മദ്യവും ലഹരിവസ്തുക്കളും. മനോഹരമായ വര്‍ണക്കടലാസില്‍ പൊതിഞ് കുഞ്ഞുമക്കളുടെ കൈകളില്‍ മധുര മിഠായിയായിത്തുടങ്ങി വിപുലമായ വിപണീജാലികയാണ് മാഫിയകള്‍ പണിതുണ്ടാക്കിയിട്ടുള്ളത്. ഇത് തകര്‍ക്കുക എന്നതാണ് ഭാവിതലമുറയെ രക്ഷപ്പെടുത്താനുള്ള ഏക മാര്‍ഗം. വിദ്യാലയങ്ങള്‍ ഇതര സ്ഥാപനങ്ങള്‍ വിജനമായ ഇടങ്ങള്‍ അപരിചിത സൗഹൃദങ്ങള്‍ പഠനോപകരണങ്ങള്‍ അസ്വാഭാവികമായ പെരുമാറ്റം കൂടിയ പണം തുടങ്ങി എല്ലായിടത്തും സര്‍വത്ര നിരീക്ഷണവും ജാഗ്രതയും അനിവാര്യമാണ്.

നവോത്ഥാന നായകരും ചിന്തകരും അടിത്തറയിട്ട കേരളത്തിന്റെ സാമൂഹിക ജീവിതം ലോകത്തിനുതന്നെ മാതൃകയാണ്. ഉന്നതമായ ആ പാരമ്പര്യത്തിന്റെ എല്ലാ നന്മകളുടെയും അടിത്തറ ഇളക്കുന്ന സ്ഥിതിലേക്ക് ഈ സാമൂഹിക തിന്മ എത്തിനില്‍ക്കുകയാണിന്ന്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്ന സംസ്ഥാനമായ പഞ്ചാബിനെ മറികടക്കുകയാണ് കേരളം. കേരളത്തില്‍ തന്നെ ലഹരി ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എറണാകുളമാണെങ്കില്‍ രണ്ടാം സ്ഥാനത്ത് മലപ്പുറമാണ്. മെട്രോപൊളിറ്റന്‍ സിറ്റിയായ കൊച്ചി ഉള്‍ക്കൊള്ളുന്ന എറണാകുളത്തിന് സിനിമ ടൂറിസം വ്യവസായിക വാണിജ്യം വിദേശികളുടെ വര്‍ധിച്ച സാന്നിധ്യം തുടങ്ങി പല പശ്ചാത്തലങ്ങളും ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കില്‍ ഉന്നതമായ മതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന മലപ്പുറം ഈ അവസ്ഥയിലേക്ക് മാറുന്നത് ഇരുത്തി ചിന്തിപ്പിച്ചേ മതിയാകൂ.

ലഹരി ഉപയോഗത്തിന് ഹബ്ബായി കേരളം മാറുമ്പോഴും സര്‍ക്കാറിന് പക്ഷേ ഇതിനെ ഇല്ലായ്മ ചെയ്യുന്നതില്‍ ആത്മാര്‍ത്ഥത ഇല്ല എന്ന് പറയേണ്ടിവരും. ഒരുവശത്ത് ലഹരി മാഫിയക്കെതിരെ ബോധവത്കരണവും പരിശോധനകളും കര്‍ശനമാക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോഴും മറുവശത്ത് യഥേഷ്ടം ബാറുകളും ബിവറേജ് ഔട്‌ലെറ്റുകളും എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജൈവഘടികാരത്തിന്റെ താളാത്മകതയാണ് ലഹരി ഉപയോഗം തകര്‍ക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ സമ്പത്തും പ്രത്യേകതയും മാനവിക വിഭവശേഷിയത്രെ. അതിനെ വളരെ ചെറുപ്രായത്തില്‍തന്നെ തകര്‍ക്കുകയാണ് ലഹരിമാഫിയ. അക്രമാസക്തരായ ക്രിമിനല്‍ സംഘം സ്വന്തം മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ വളര്‍ന്നുവരികയാണ്. റോഡപകടങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും അനുദിനം വര്‍ധിക്കുന്നു. ഇത് ഇങ്ങനെ തുടരുകയാണെങ്കില്‍ പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവരും.

പിന്നാക്കത്തിന്റെയും അവഗണനയുടെയും ഇന്നലെകളില്‍നിന്ന് മലപ്പുറം ജില്ല പതുക്കെ കരകയറി വിദ്യാഭ്യാസ സാമൂഹിക ഉദ്യോഗ മണ്ഡലങ്ങളില്‍ വലിയ ഉയര്‍ച്ചകള്‍ കീഴടക്കി അസൂയാര്‍ഹമായി മുന്നേറുന്ന സമയത്താണ് നാടിന് നാണക്കേടാവുന്ന തരത്തില്‍ യുവത അധാര്‍മികതയിലേക്കും മൂല്യശോഷണത്തിലേക്കും വഴുതിവീഴുന്നത്. നാം നേടിയെടുത്തിട്ടുള്ള മൂല്യബോധവും സദാചാരവും നഷ്ടപ്പെട്ടു കൂടാ. മത ശാസനകളില്‍നിന്ന് യുവതയെ വ്യതിചലിപ്പിക്കുന്ന ഗൂഢശക്തികള്‍ പലവിധ പ്രലോഭനങ്ങളുമായി ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട് എന്ന തിരിച്ചറിവ് മാത്രം പോര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടി ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്.

സമൂഹം ഉണര്‍ന്നേ മതിയാകൂ, അതുകൊണ്ടുതന്നെ നാടിനോടും സമൂഹത്തി തിനോടും പ്രതിബദ്ധതയുള്ള മുസ്‌ലിംലീഗിന് ഈ ഘട്ടത്തില്‍ മാറിനില്‍ക്കാന്‍ കഴിയില്ല. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും കൂട്ടിയോജിപ്പിച്ച് മുസ്‌ലിംലീഗ് ലഹരി മാഫിയക്കെതിരെയും അധാര്‍മികതക്കെതിരെയും ലക്ഷ്യം കാണുന്നതുവരെയുള്ള ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുകയാണ്. നാടും സമൂഹവും തകര്‍ച്ചയിലേക്ക് ആപതിക്കുമാറ് വലിയ സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനും വ്യാപനത്തിനും എതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനു ജില്ല മുസ്‌ലിംലീഗ് കമ്മിറ്റി കര്‍മരംഗത്ത് ഇറങ്ങുകയാണ്. അതിന്റെ പ്രാരംഭമായി ഇന്ന് പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലും സായാഹ്ന സദസ്സുകള്‍ സംഘടിപ്പിച്ചിരിക്കുകയാണ്.
(മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ടാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

വഖഫില്‍ തൊടാന്‍ സമ്മതിക്കില്ല

EDITORIAL

Published

on

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ പ്രതിക്ഷാ നിര്‍ഭരവും കരിനിയമത്തിന്റെ അന്തസത്ത ചോദ്യം ചെയ്യപ്പെടുന്നതുമാണ്. കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി ഇന്നത്തേക്ക് മാറ്റിവെക്കുമ്പോള്‍ തീര്‍ത്തും ഭരണഘടനാവിരുദ്ധമായ നിയമനിര്‍മാണത്തിന്റെ പേരില്‍ സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉത്തരംമുട്ടി നില്‍ക്കുകയും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ആഞ്ഞടിക്കുകയുമായിരുന്നു. ഇന്നലെ തന്നെ ഇടക്കാല ഉത്തരവ് പറയാതിരിക്കാന്‍ സോളിസിറ്റര്‍ ജനറലിന് കോടതിക്കു മുന്നില്‍ കേണപേക്ഷിക്കേണ്ട സ്ഥിതിയിലായിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാര്‍, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്ന കേസില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമസ്ത ഉള്‍പ്പെടെ സാമുദായിക സംഘടനകളും വ്യക്തികളും അടക്കം 73 ഓളം ഹരജികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗിന് വേണ്ടി ഹാജരായ കബില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങളിലാണ് നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനോട് നിര്‍ണായക ചോദ്യങ്ങളും സംശയങ്ങളുമെല്ലാം സുപ്രീംകോടതി ചോദിച്ചിരിക്കുന്നത്. വഖഫ് ബൈയൂസര്‍ നിയമത്തിലെ ആശങ്കകളാണ് ഇതില്‍ ഏറ്റവും പ്രധാനം.

മുസ്ലിം ലീഗിനുവേണ്ടി ഹാജരായ കബില്‍ സിബലും അഡ്വ. വി.കെ ഹാരിസ് ബീരാനും പ്രധാനമായും നിരത്തിയ വാദം പുതിയ നിയമത്തിലെ വ്യവസ്ഥകളില്‍ പലതും മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 26 ന്റെ ലംഘനമാണ് എന്ന തായിരുന്നു. വഖഫ് വിഷയങ്ങളില്‍ കലക്ടര്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കുന്ന നിയമത്തിലെ വ്യവസ്ഥയെയും അദ്ദേഹം ചോദ്യം ചെയ്തു. കലക്ടര്‍ സര്‍ക്കാറിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന് ഒരു ജഡ്ജിയുടെ അവകാശാധികാരങ്ങള്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം തുറന്നുകാട്ടി. വഖഫ് ബൈയൂസര്‍ വിഷയത്തില്‍ സിബല്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയം. പുതിയ വ്യവസ്ഥ പ്രകാരം 3000 വര്‍ഷങ്ങള്‍ക്കുമുമ്പ് വഖഫ് സ്ഥാപിക്കപ്പെട്ട വസ്തുക്കളുടെ പോലും രേഖകള്‍ ഹാജരാക്കേണ്ട അവസ്ഥയാണ് ഉണ്ടാ യിത്തീരുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് വഖഫ് ബൈ യൂസര്‍ പ്രകാരം ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വഖഫ് സ്വത്തുക്കള്‍ എങ്ങിനെ രജിസ്റ്റര്‍ ചെയ്യുമെന്നും അവക്ക് എന്തു രേഖകളാണ് ഉണ്ടാക്കുകയെന്നും ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചിരിക്കുകയാണ്. ഡല്‍ഹി ജുമാ മസ്ജിദ് പോലുള്ള ചരിത്രപ്രസിദ്ധമായ നിര്‍മിതികള്‍ വഖഫ് ബൈ യൂസര്‍ പ്രകാരം നിലവില്‍ വന്നതാണെന്നും പുതിയ നിയമമനുസരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡിന്റെ പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നുമുള്ള കോടതിയുടെ ചൂണ്ടിക്കാട്ടലും ഏറെ ശ്രദ്ധേയമാണ്.

വഖഫ് കൗണ്‍സിലില്‍ മുസ്ലിമേതര അംഗങ്ങളെ ഉള്‍പ്പെടുത്തുന്ന വിഷയത്തിലും ഇടപെട്ട കോടതി എക്‌സ് ഒഫീഷ്യാ അംഗങ്ങളൊഴികെയുള്ളവരെല്ലാം ഇസ്ലാംമത വിശ്വാസികളായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഹിന്ദു എന്റോവ്മെന്റ് ബോര്‍ഡുകളില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരെ ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ തയാറുണ്ടോയെന്ന സര്‍ക്കാര്‍ അഭിഭാഷകനോടുള്ള കോടതിയുടെ ചോദ്യം കേന്ദ്രത്തിന്റെ ഉദ്ദേശ ശുദ്ധിയിലുള്ള കോടതിയുടെ സംശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കോടതി നടത്തിയിട്ടുള്ള നിര്‍ണായക നിരീക്ഷണങ്ങള്‍ ഇന്നത്തെ ഇടക്കാല വിധിയെ സ്വാധീനിക്കുമെന്നു തന്നെയാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തെ ഏറെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന വഖഫ് ബൈ യൂസര്‍, വഖഫ് ബോര്‍ഡിലെ അമുസ്ലിം പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളില്‍. നീതിയും നിയമവും നോക്കു കുത്തിയാക്കി സര്‍ക്കാര്‍ നിര്‍മിച്ചിട്ടുള്ള നിയമത്തിന്റെ അസാംഗത്യത്തെ കോടതി തുറന്നുകാ ട്ടുമ്പോള്‍ നിയമപോരാട്ടത്തിന് വലിയ പ്രതീക്ഷയാണ് ലഭിക്കുന്നത്. അനധികൃതമായി വഖഫില്‍ തൊടാന്‍ ആരെയും അനുവദിക്കില്ല എന്ന ശക്തമായ മുന്നറിയിപ്പായിരുന്നു ഇന്നലെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മഹാറാലി. അന്തിമവിധിയിലും കോടതി ഇന്നലെ നടത്തിയ നിരീക്ഷണങ്ങളുടെ പ്രതിഫലനമുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Continue Reading

Article

ചരിത്ര ദൗത്യവുമായി മുസ്ലിംലീഗ്

EDITORIAL

Published

on

സമാനതകളില്ലാത്ത ദുരന്തത്തിന്റെ അടയാളപ്പെടുത്തലാണ് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍. ഒരു നാട് ഒന്നാകെയാണ് ഇല്ലാതായിപ്പോയത്. ഗ്രാമീണ വിശുദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും മടിത്തട്ടില്‍ പ്രാരാബ്ധങ്ങളെയും പ്രതിസന്ധികളെയും വകഞ്ഞുമാറ്റി പകലന്തിയോളം പണിയെടുത്ത് ജീവിതം കെട്ടിപ്പടുത്ത ഒരുജനത പതിവുപോലെ കിടന്നുറങ്ങിയപ്പോള്‍ ജീവനും ജീവിതവും മാത്രമല്ല, ആ നാടൊന്നടങ്കം മണ്ണില്‍പുതഞ്ഞുപോവുകയായിരുന്നു. കേള്‍വിയില്‍ പോലും ഇടംനേടിയില്ലാത്ത വിധം മണ്ണും മനുഷ്യനും കുത്തിയൊലിച്ചുപോയ ഒരു ദുരന്തം സ്വന്തംകണ്‍മുന്നില്‍ കാണേണ്ടിവന്നപ്പോള്‍ വയനാടു മാത്രമല്ല, മലയാളക്കരയൊന്നടങ്കം ഒരുവേള വിറങ്ങലിച്ചുപോയി.

എവിടെ തുടങ്ങണം, എങ്ങിനെ നേരിടണമെന്നറിയാതെ പകച്ചുപോയ ഏതാനും നിമിഷങ്ങള്‍ക്കുശേഷം പിന്നെ നടന്നത് കൂട്ടായ്മയുടെ കരുത്തിലുള്ള ദുരിതാശ്വാസത്തിന്റെ മഹാ വിപ്ലവം തന്നെയായിരുന്നു. ദുരന്തത്തിന്റെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ് ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തുടങ്ങി മുഴുവന്‍ ജന വിഭാഗങ്ങളും രക്ഷാ പ്രവര്‍ത്തനമെന്ന ആ പോരാട്ടത്തില്‍ ഭാഗവാക്കായിത്തീര്‍ന്നു. ജീവന്റെ തുടിപ്പുതേടി ഒഴുകിയെത്തിയ മണ്ണിലേക്കും ചെളിയിലേക്കും എടുത്തു വെച്ച കാല്‍ അവര്‍ പിറകോട്ടുവലിക്കുമ്പോഴേക്കും ആഴ്ച്ച കള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. എത്തിപ്പെടാനാകുന്നിടത്തെല്ലാം അവര്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ചൂരല്‍ മല മുതല്‍ ചിലായാറിന്റെ ഓരങ്ങളിലൂടെ ആ അന്വേഷണങ്ങള്‍ നീണ്ടു. മുപ്പതും നാല്‍പ്പതു കിലോമീറ്ററുകള്‍ക്കിപ്പുറത്തുനിന്നുവരെ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.

ചരിത്രപരമായ നിയോഗമായിട്ടായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും പോഷകസംഘടനകളും ഈ ദുരന്ത നിവാരണത്തെ ഏറ്റെടുത്തത്. ശരവേഗത്തില്‍ ദുരന്തഭൂമിയില്‍ പാഞ്ഞെത്തി കൈമെയ്മറന്നുള്ള പ്രയത്‌നങ്ങളിലേര്‍പ്പെടുമ്പോള്‍തന്നെ, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കി സേവനത്തിന്റെ മഹത്തായ പാതയിലൂടെയായിരുന്നു ഇളംപച്ചക്കുപ്പായക്കാരായ വൈറ്റുഗാര്‍ഡുകളുടെ സഞ്ചാരം. ജീവനോടെയും അല്ലാതെയും പുറത്തെത്തുന്ന മനുഷ്യ ശരീരങ്ങളുമായി ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞുകൊണ്ടേയിരുന്നു. തിരിച്ചറിഞ്ഞതും അറിയപ്പെടാത്തതുമായി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലും മണ്ണോടുചേര്‍ത്തുവെക്കുന്നതിലും അവര്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ചു. സാധ്യതകളുടെ മുഴുവന്‍ വഴികളിലൂടെയുമുള്ള അന്വേഷണങ്ങളില്‍ കൊക്കില്‍ ജീവനുള്ള എല്ലാ ജീവികള്‍ക്കും അവര്‍ സ്‌നേഹവും സാന്ത്വനവുമായി. ഉടമയെ ഉരുള്‍കൊണ്ടുപോയ പശുവിന്റെ അകിടിലെ പാല്‍ അവര്‍ കറന്നെടുത്തു. വളര്‍ത്തുമൃഗങ്ങളെയും ദുരന്ത ഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞ തെരുവ് നായകളിലേക്കു പോലും ആ കാരുണ്യ ഹസ്തങ്ങള്‍ നീണ്ടു.

എല്ലാം നഷ്ടപ്പെട്ട്, ബാക്കിയായ ജീവന്‍ ഒരു ഭാരമായിമാറിയവരിലൂടെയായിരുന്നു പിന്നീട് ആ കാരുണ്യയാത്ര. ഒരു സംവിധാനത്തെയും കാത്തുനില്‍ക്കാതെ, ഒരു നിമിഷംപോലും പാഴാക്കാതെ സ്വന്തമായി പണം കണ്ടെത്തി നഷ്ടപ്പെട്ടത് ഒന്നൊന്നായി തിരികെ നല്‍കി അവരെ ജീവിതത്തി ലേക്ക് കൊണ്ടുവരാനുള്ള ഭഗീരത പ്രയത്‌നമായിരുന്നു പിന്നീട് കണ്ടത്. ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ ഇല്ലാതാക്കാന്‍, ഞങ്ങളുണ്ട് കൂടെ എന്നുറപ്പുവരുത്താന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുനല്‍കി. ദുരന്തബാധിതരായ 691 കുടുംബങ്ങള്‍ക്ക് ആശ്വാസ ധനമായി 15000 രൂപ വീതം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട 56 കച്ചവടക്കാര്‍ക്ക് 50000 രൂപയും. ടാക്സി ജീപ്പ് നഷ്ടപ്പെട്ട നാലു പേര്‍ക്ക് ജിപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നുപേര്‍ക്ക് ഓട്ടോയും സ്‌കൂട്ടറുകളും നല്‍കി അവരെ ചേര്‍ത്തുപിടിച്ചു. പുനരധിവാസ മെന്ന മഹാദൗത്യത്തിലേക്കായിരുന്നു പിന്നീടുള്ള നീക്കം. വീടുനിര്‍മിച്ചു നല്‍കാന്‍ സ്ഥലത്തിനായി സര്‍ക്കാറിനെ അല്‍പംകാത്തുനിന്നു. ചിറ്റമ്മ നയം ബോധ്യമായപ്പോള്‍ സ്ഥലവും സ്വന്തമായി കണ്ടെത്തി. ദുരന്തബാധിതരുടെ ആവശ്യം മുഖവിലക്കെടുത്ത് അവരുടെ സ്വന്തം പഞ്ചായത്തില്‍തന്നെ കണ്ണായ സ്ഥലം കണ്ടെത്തി. വിലക്കെടുത്ത 11 ഏക്കര്‍ ഭൂമിയില്‍ 105 പേര്‍ക്ക് സ്വപ്നഭവനങ്ങള്‍ ഉയരും. 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. കുടിവെള്ളവും വൈദ്യുതിയും വഴിയുമെല്ലാം ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മികച്ച ആര്‍കിടെക്റ്റിനെ തന്നെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചുകഴിഞ്ഞു. എട്ട് മാസങ്ങള്‍കൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ച് കൈമാറാനാണ് ആഗ്രഹം. സയ്യിദ് സാദിഖലി തങ്ങളുടെ അനുഗ്രഹിത കരങ്ങളാല്‍ ആ മഹാ ദൗത്യത്തിന് ശിലയിടുമ്പോള്‍ ദുരിതബാധിതര്‍ക്ക് ഉയരുന്നത് സ്വപ്‌ന ഭവനങ്ങളാണെങ്കില്‍ മുസ്ലിം ലീഗ് നിര്‍വഹിക്കുന്നത് ചരിത്ര ദൗത്യമാണ്.

Continue Reading

Article

ലഹരി വിപത്തിനൊപ്പം എയ്ഡ്സ് കൂടി

EDITORIAL

Published

on

മദ്യ, മയക്കുമരുന്ന്, ലഹരി വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിനവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. ഈ ഭയപ്പാടുകള്‍ക്കിടയില്‍തന്നെ മറ്റൊരു ദുരന്തവും കൂടി സംസ്ഥാനത്ത് പതുക്കെ തലപൊക്കുന്നുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് വ്യാപിക്കുന്നുവെന്ന അത്യന്തം ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്നലെ അധികൃതര്‍ പങ്കുവെച്ചത്.

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ പത്ത് പേര്‍ക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഒരു സര്‍വേ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്കിടയിലായിരുന്നു സര്‍വേ നടത്തിയത്. സര്‍വേയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വേയില്‍ ആദ്യം വളാഞ്ചേരിയില്‍ നിന്നുള്ള ഒരു വ്യക്തിക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ വ്യക്തിയടക്കം ഉള്‍പ്പെട്ടിരിക്കുന്ന വലിയൊരു ലഹരി സംഘത്തിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും രോഗബാധയുള്ളതായി കണ്ടെത്തി. എച്ച്.ഐ.വി സ്ഥിരീകരിച്ച സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കിയുള്ളവര്‍ മലയാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവര്‍ ലഹരി കുത്തി വെച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് ഡി.എം.ഒ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.

രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ഇവരില്‍ പലരും വിവാഹിതരുമാണ്. കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുന്നുണ്ട് എന്ന വാര്‍ത്ത വളരെ ഗൗരവതരമാണ്. വളാഞ്ചേരിയില്‍ മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായി വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

കേരളത്തില്‍ 2021ന് ശേഷം യുവാക്കള്‍ക്കിടയില്‍ എച്ച്.ഐ.വി കൂടുന്നതായാണ് എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വര്‍ഷം ശരാശരി 1200 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോല്‍ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവര്‍ക്കായിരുന്നു രോഗബാധ കൂടുതല്‍ കണ്ടിരുന്നത്. എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം.

പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തില്‍ 0.06 ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമ ത്തിലാണ് ലോക രാജ്യങ്ങള്‍. 2025 ആവുന്നതോടെ എച്ച്.ഐ.വി വിമുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളായിരുന്നു നടന്നുവന്നിരുന്നത്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്നതാണ്.

മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ഒരാളെ തിരികെ കൊണ്ടുവരാന്‍ ചികിത്സയുണ്ട്. എന്നാല്‍ എച്ച്.ഐ.വി ബാധിച്ചാല്‍ മരണത്തിലേക്കാണ് നടന്നടുക്കുന്നത്. മാത്രമല്ല, നിരപരാധികള്‍ക്കും അവര്‍ രോഗം പരത്തുന്നു എന്നതിനാല്‍ വലിയ സാമൂഹ്യ പ്രശ്നമാണ് ഇത് സൃഷ്ടിക്കുക. ഇത്തരത്തില്‍ രോഗ ബാധിതരായവര്‍ അറിയാതെ തന്നെ അവരുടെ ലൈംഗിക പങ്കാളികള്‍ക്കും സന്തതികള്‍ക്കും അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. മയക്കുമരുന്നിന്റെ തിക്ത ഫലങ്ങള്‍ നുഭവിക്കേണ്ടിവരുന്നത് പലപ്പോഴും വീട്ടിലെ സ്ത്രീകളും കുട്ടികളുമാണ്.

ഇവിടെയും അവര്‍ തന്നെയാണ് ഒന്നുമറിയാതെ ഇരകളാകുന്നത്. മയക്കുമരുന്നു തന്നെ വലിയ സാമൂഹ്യ വിപത്താണ്. അക്കൂട്ടത്തില്‍ എയ്ഡ്സ് വ്യാപനത്തിനുകൂടി മയക്കുമരുന്ന് ഉപയോഗം കാരണമായി തീരുന്നുവെന്നറിയുമ്പോള്‍ വല്ലാത്ത നിരാശയാണ്. ലഹരി വില്‍പ്പനക്കാര്‍ സിറിഞ്ചില്‍ നിറച്ചാണ് ലഹരി നല്‍കുന്നത്. ലഹരി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇവര്‍ ഒരേ സിറിഞ്ച് തന്നെയാണ് നല്‍കുന്നത്. പല ആളുകള്‍ ഉപയോഗിച്ച ഇത്തരം സിറിഞ്ചുകളാണ് എയ്ഡ്‌സ് പരത്തുന്നത്.

സമൂഹത്തെ ബാധിച്ച ലഹരി വിപത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വന്ന വാര്‍ത്ത നിരാശാജനകമാണ്. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേര്‍ക്ക് രണ്ട് മാസത്തിനിടെ എച്ച്.ഐ.വി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന സംഭവമാണ്. എം.ഡി.എം.എക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ യുവാവ് ആക്രമിച്ച വാര്‍ത്തയും മലപ്പുറത്തു നിന്ന് ഇതേ ദിവസം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ജോലിക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുകയും അതിന് അടിമയാവുകയും ചെയ്തതോടെ ജോലിക്ക് പോകാതാവുകയും മയക്കുമരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നും പണം ആവശ്യപ്പെടാനും തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്.

ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്. ലഹരിയിലൂടെയും എയ്ഡ്സിലൂടെയും അത് നശിക്കാന്‍ പാടില്ല. നാടിനെ പിടിമുറുക്കിയ വിപത്തിനെതിരെ ശക്തമായ നടപടി ഉണ്ടായോ പറ്റൂ.

Continue Reading

Trending