കൊച്ചി: വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരത്തെ അനുകൂലിച്ചും പോലീസ് നടപടിയെ വിമര്‍ശിച്ചും ദളിത് സമരനേതാവ് ജിഗ്‌നേഷ് മേവാനി. എന്തിന്റെ പേരിലാണ് പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് ജിഗ്‌നേഷ്. വടയമ്പാടിയില്‍ സംഭവിച്ചത് അപലപനീയമാണെന്നും ദളിത് പ്രക്ഷോഭങ്ങള്‍ക്കെതിരായ പൊലീസിന്റെ നടപടി വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണെന്നും ജിഗ്‌നേഷ് പറഞ്ഞു. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പൊലീസ് രാജിനും ദളിത് അതിക്രമങ്ങള്‍ക്കുമെതിരെ ദളിത് ലാന്റ് റൈറ്റ് ഫ്രന്റ് സംഘടിപ്പിച്ചതാണ് വടയമ്പാടിയിലെ ദളിത് ആത്മാഭിമാന കണ്‍വെന്‍ഷനെന്നും എന്‍.എസ്.എസിന്റെ ജാതി മതിലിനുമെതിരെയുമാണ് കണ്‍വെന്‍ഷനെന്നും അദ്ദേഹം പറയുന്നു.

ജനാധിപത്യപരമായും സമാധാനപരമായും നടന്ന സമരത്തെ പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നുവെന്നും ആര്‍.എസ്.എസിന്റേയും ഹിന്ദു ഐക്യവേദിയുടേയും പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത് സംഘപരിവാറുമായും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുമായും കേരള സര്‍ക്കാര്‍ സന്ധിയിലാണെന്നതിന്റെ തെളിവാണെന്നും ജിഗ്‌നേഷ് ആരോരപിച്ചു.

നേരത്തെ ദളിത് ആത്മാഭിമാന കണ്‍വെന്‍ഷനെത്തിയ പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് വടയമ്പാടിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. അമ്പതോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ദളിത് പ്രവര്‍ത്തകരെ ക്ഷേത്രത്തില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നത്.

സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ ദളിത് പ്രവര്‍ത്തകര്‍ക്കെതിരെ തിരിയുകയായിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സംഘപരിവാറുകാര്‍ ആക്രമിച്ചപ്പോഴും പൊലീസ് വിഷയത്തില്‍ ഇടപെട്ടിരുന്നില്ല.