കായംകുളം: കോര്‍പ്പറേറ്റ് ആജ്ഞക്കനുസരിച്ച് പ്രവര്‍ത്തിച്ചു രാജ്യത്തെ ഭൂരിപക്ഷത്തിന്റെ സ്വപ്‌നങ്ങളെ തകര്‍ക്കുന്ന നരേന്ദ്രമോദിയുടെ ഭരണത്തിന്റെ തിരശ്ശീലവീഴാന്‍ അധിക കാലമില്ലെന്ന് ഗുജറാത്തില്‍ നിന്നുള്ള ദളിത് നേതാവു ജിഹ്നേഷ് മേവാനി എം.എല്‍.എ. രാജ്യത്തെ രക്ഷിക്കാന്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും എതിര്‍ക്കുകയെന്ന ഒരൊറ്റലക്ഷ്യത്തോടെ യോജിപ്പോടെ മുന്നോട്ടു പോകാനാവണം. മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് കായംകുളത്തു നല്‍കിയ സ്വീകരണ മഹാസമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായികരുന്നു അദ്ദേഹം.
കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ കൊള്ള ചെയ്യാന്‍ അവസരം നല്‍കുന്ന മോദി ഭരണത്തില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒരു സ്ഥാനവുമില്ല. നോട്ടു നിരോധനം ജി.എസ്.ടി തുടങ്ങിയവയെല്ലാം സാധാരണക്കാരെയാണ് ബാധിച്ചത്. വൈകാരികതയും വിഭാഗീയതയും മുഖമുദ്രയാക്കി ജനദ്രോഹത്തെ മറച്ചുപിടാക്കാനാണ് ശ്രമം. അഖ്‌ലാക്ക് ഉള്‍പ്പെടെ ദളിതരും മുസ്‌ലിംകളുമായ 30 പേരെ പശുവിന്റെ പേരില്‍ രാജ്യത്ത് കൊന്നു. ഭരണഘടന തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. കോടതികളിലെ വഴിവിട്ട ഇടപെടലുകള്‍ അതിന്റെ ഭാഗമാണ്. അക്രമം മുഖമുദ്രയാക്കിയ മോദിക്കും സംഘപരിവാറിനുമെതിരെ സമാധാനം ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടു പോകണം. അക്രമമാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത്. അതിലൂടെ മുതലെടുപ്പു നടത്താമെന്നതാണ് തന്ത്രം. സ്‌നേഹത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ദളിതരും മുസ്‌ലിംകളും അടിസ്ഥാന വിഭാഗങ്ങളും ഉണര്‍ന്നു യോജിക്കണം. മോദിക്ക് ഗുജറാത്ത ഹിന്ദുത്വത്തിന്റെ പരീക്ഷണ ശാലയാണെങ്കില്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് സമാധാനത്തിന്റെ ഭൂമികയാണ്. ഹിന്ദുത്വമല്ല, രാജ്യം മതേതരമാണ്. ഒരു ദിനം നമ്മുടെ പോരാട്ടം വിജയിക്കും. അതിനു അധിക സമയം കാത്തിരിക്കേണ്ടിവരില്ലെന്നും ജിഗ്നേഷ് കൂട്ടിച്ചേര്‍ത്തു. സമ്മേളനം അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഖുറം അനീസ് ഉമര്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ അബ്ദുറബ്ബ് എം.എല്‍.എ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, ശബരീനാഥ് എം.എല്‍.എ, ഡി.സി.സി പ്രസിഡണ്ട് എം ലിജു, ചാണ്ടി ഉമ്മന്‍, കര്‍ഷകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാംസുന്ദര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എ.എം നസീര്‍, അഡ്വ.എച്ച് ബഷീര്‍ കുട്ടി, എ.എം നസീര്‍, പി.ബിജു പ്രസംഗിച്ചു.