കോഴിക്കോട്: കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങളുടെ ഐക്യത്തിന് പച്ചക്കൊടി. ഇരു കൗണ്‍സിലുകളും അംഗീകാരം നല്‍കിയതോടെ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസ്ഥാനത്തില്‍ 2002ല്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഭിന്നിച്ചവര്‍ ഒന്നിക്കാനുള്ള അവസാന കടമ്പയും നീങ്ങി. ഡിസംബര്‍ ആദ്യ വാരം ഇരു സംഘടനകളുടെയും സംയുക്ത പ്രവര്‍ത്തക സമിതി ചേര്‍ന്ന് ഐക്യത്തിന് അംഗീകാരം നല്‍കിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തും. തുടര്‍ന്ന് ഡിസംബറില്‍ തന്നെ കോഴിക്കോട്ട് ഐക്യ മഹാ സമ്മേളനം ചേര്‍ന്ന് വിളംബരം നടത്തും.

സി.പി ഉമര്‍ സുല്ലമി പ്രസിഡന്റും എം സലാഹുദ്ദീന്‍ മദനി ജനറല്‍ സെക്രട്ടറിയുമായ കെ.എന്‍.എം മര്‍കസുദ്ദഅ്‌വ വിഭാഗത്തിന്റെ ഇന്നലെ കോഴിക്കോട് ചേര്‍ന്ന സമ്പൂര്‍ണ്ണ കൗണ്‍സില്‍ ഐക്യ പ്രമേയം അംഗീകരിച്ചു. ഒരാഴ്ച മുമ്പ് കോഴിക്കോട് ചേര്‍ന്ന ടി.പി അബ്ദുല്ലക്കോയ മദനി പ്രസിഡന്റും പി.പി ഉണ്ണീന്‍കുട്ടി മൗലവി ജനറല്‍ സെക്രട്ടറിയുമായ കെ.എന്‍.എം സമ്പൂര്‍ണ്ണ കൗണ്‍സില്‍ ലയന ചര്‍ച്ചകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന്് പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന ശാഖാ-മണ്ഡലം-ജില്ലാ ഭാരവാഹികളുടെ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഐക്യം യാഥാര്‍ത്ഥ്യമാക്കാന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇനി സാങ്കേതിക കടമ്പ മാത്രമാണ് ബാക്കി.
മുസ്‌ലിം നേതാക്കളും സലഫി പണ്ഡിതരും നാലു വര്‍ഷം മുമ്പ് ഐക്യത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പിന്നീട് പലപ്പോഴായി സജീവ ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും പൂര്‍ണ്ണതയില്‍ എത്തിയിരുന്നില്ല. നിലച്ചുപോയ ഐക്യ ശ്രമങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ വീണ്ടും തുടങ്ങുകയായിരുന്നു. നാല് അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം സെപ്തംബറിലാണ് കാര്യമായ പുരോഗതിയുണ്ടായത്. ഇരു പക്ഷത്തെയും നേതാക്കളുടെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വഭാവം കൈവരിച്ച ചര്‍ച്ചകള്‍ ഒടുവില്‍ ആദര്‍ശപരമായ യോജിപ്പായതോടെ ആശാവഹമായ വഴിത്തിരിവിലെത്തുകയായിരുന്നു.

സംഘടന-പോഷകഘടകം-സ്ഥാപനം തുടങ്ങിയവയുടെ ഭാരവാഹിത്വം സംബന്ധിച്ച് ഇരു പക്ഷവും ചുമതലപ്പെടുത്തിയ അഞ്ചംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ച തുടരും. പാലത്ത് അബ്ദുറഹ്മാന്‍ മദനി, ഒ അഹമ്മദ് കുട്ടിഹാജി എന്ന നാണി, എം അബ്ദുറഹ്മാന്‍ സലഫി, എം.ടി അബ്ദുസമദ് സുല്ലമി, നൂര്‍മുഹമ്മദ് നൂര്‍ഷാ (കെ.എന്‍.എം), എ അസ്ഗറലി, അബ്ദുല്‍ലതീഫ് കരുമ്പിലാക്കല്‍, അലി മദനി മൊറയൂര്‍, പ്രൊഫ.കെ.പി സഖരിയ്യ, സി മുഹമ്മദ് സലീം സുല്ലമി വണ്ടൂര്‍ (കെ.എന്‍.എം മര്‍കസുദ്ദഅ്‌വ) എന്നിവരാണ് തുടര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കുക.
2002ല്‍ ഭിന്നിച്ച കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിഭാഗങ്ങള്‍ ഐക്യപ്പെട്ട് ഒന്നാവുന്നതിന് പുറമെ 2013ല്‍ വേറിട്ടു പോയ ഇപ്പോള്‍ വിസ്ഡം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നവരുമായും അടുത്ത ഘട്ടത്തില്‍ ചര്‍ച്ച നടക്കും. ഇപ്പോഴത്തെ ഐക്യശ്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രമാവും കെ.എന്‍.എം ചുമതലപ്പെടുത്തുന്നവര്‍ ചര്‍ച്ച നടത്തുക. ആശയപരമായ യോജിപ്പ് സാധ്യമാവുക എന്നതാണ് പ്രഥമ കടമ്പ. ഇസ്‌ലാമിക സമൂഹം ദേശീയ-അന്തര്‍ദേശീയ തലത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഉള്‍ക്കൊണ്ട് മുജാഹിദ് പ്രസ്ഥാനങ്ങള്‍ ഒന്നിക്കുന്നത് കരുത്ത് വര്‍ധിപ്പിക്കും.

കോഴിക്കോട് ഇന്നലെ നടന്ന കെ.എന്‍.എം മര്‍കസുദ്ദഅ്‌വ സമ്പൂര്‍ണ്ണ കൗണ്‍സിലില്‍ ജനറല്‍ സെക്രട്ടി എം സ്വലാഹുദ്ദീന്‍ മദനിയാണ് ഐക്യ പ്രമേയം അവതരിപ്പിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ഇതിനെ പിന്താങ്ങി. കെ.എന്‍.എം കൗണ്‍സിലില്‍ കേരള ജംഇയ്യതുല്‍ ഉലമ ജന. സെക്രട്ടറി എം. മുഹമ്മദ് മദനി അവതരിപ്പിച്ച ഐക്യ പ്രമേയം അംഗീകരിച്ചതും ഐക കണ്ട്യേനയായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന മുജാഹിദ് സമ്മേളനം ഒന്നര പതിറ്റാണ്ടിന് ശേഷം ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഐക്യത്തിന്റെയും ശക്തിയുടെയും വിളംബരമാവും.