പി.വി അന്‍വര്‍ എം.എല്‍.എ അനധികൃതമായി ചീങ്കണ്ണിപ്പാലയില്‍ നിര്‍മിച്ച തടയണ പൊളിക്കാന്‍ കലക്ടര്‍ക്ക് ആര്‍.ഡി.ഒയുടെ ശുപാര്‍ശ. തടയണ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ അജീഷ് കുന്നത്ത് ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തടയണ പൊളിച്ചു നീക്കുന്ന കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ഉള്‍പ്പെടുത്തി കലക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് എം.എല്‍.എ ചീങ്കണ്ണിപ്പാലയില്‍ തടയണ നിര്‍മിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി ആര്‍.ഡി.ഒക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ക്രീറ്റും കല്ലും ഉപയോഗിച്ചായിരുന്നു തടയണ നിര്‍മാണം. 2015 ജൂണ്‍, ജൂലൈ മാസങ്ങളിലായി നടന്ന തടയണ നിര്‍മാണത്തിന് യാതൊരു അനുമതിയും പഞ്ചായത്ത് നല്‍കിയിരുന്നില്ല. അനധികൃത തടയണ വിവാദമായതിനെ തുടര്‍ന്ന് തടയണ പൊളിച്ചുമാറ്റാന്‍ അന്നത്തെ കലക്ടര്‍ പി ഭാസ്‌കരന്‍ ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പിലാക്കാന്‍ മടികാണിച്ച അധികൃതര്‍ നടപടി വൈകിപ്പിക്കാനും ശ്രമങ്ങള്‍ നടത്തി. തടയണ പൊളിച്ചുമാറ്റാന്‍ മലപ്പുറം ജില്ലാകലക്ടര്‍ 2015ല്‍ ഉത്തരവിട്ടതിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ പൊളിച്ചുമാറ്റുന്നതിനായുള്ള എസ്റ്റിമേറ്റ് തയാറാക്കിയതിന്റെയും രേഖകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തായിരുന്നു.

ഇത്രയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കെ തടയണ പൊളിച്ചു നീക്കുന്നതിനായി കഴിഞ്ഞ ആഴ്ചയില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചത് സര്‍വീസ് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കല്‍ വേഗത്തിലാക്കിയത്. 2015 ല്‍ തടയണ പൊളിച്ച് മാറ്റാന്‍ മലപ്പുറം കലക്ടര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കാതെ കീഴുദ്യോഗസ്ഥരുടെ യോഗം വിളിച്ചത് എം.എല്‍.എയെ സഹായിക്കാനാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.

ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കലക്ടര്‍ക്കുള്ള റിപ്പോര്‍ട്ട് വൈകുമെന്ന് യോഗത്തിന് ശേഷം ആര്‍.ഡി.ഒ വ്യക്തമാക്കിയിരുന്നു. 2015ല്‍ തന്നെ അന്നത്തെ ജില്ലാ കലക്ടര്‍ നടപടിയെടുക്കാന്‍ പെരിന്തല്‍മണ്ണ സബ് കലക്ടറെ ഉത്തരവിലൂടെ ചുമതലപ്പെടുത്തിയിരുന്നു.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തടയണ പൊളിച്ച് മാറ്റുന്നതിന് എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി ആദ്യം പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. എന്നാല്‍ ഉത്തരവാദിത്തം ജലസേചന വകുപ്പിനാണെന്ന് ചൂണ്ടികാട്ടി ഒന്നര വര്‍ഷത്തിന് ശേഷം പൊതുമരാമത്ത് വകുപ്പ് പിന്‍മാറി. ഇതേ തുടര്‍ന്ന് ചുമതല ഏറ്റെടുത്ത ജലസേചന വകുപ്പ് മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അനധികൃത തടയണ ഉരുള്‍പൊട്ടലിനും വന്‍തോതില്‍ മണ്ണൊലിപ്പിനും കാരണമാകുമെന്ന് നിലമ്പൂര്‍ ഡി.എഫ്.ഒ ഡോ. ആദലര്‍ഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് എം.എല്‍.എയെ സഹായിക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നീക്കങ്ങള്‍ നടന്നത്.