തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച കനത്ത മഴ തുടരുന്നു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. വടക്കന്‍ കേരളത്തിലും മധ്യമേഖലകളിലും മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് പതിനാല് ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുകയാണ്. ആരും കടലില്‍ പോകരുതെന്ന് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്.
കൊച്ചി മെട്രോ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കെ.എം.ആര്‍.എല്‍ അറിയിച്ചു. ആലുവ മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതോടെയാണ് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിയത്. ആലുവ വഴിയുള്ള ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്.