ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വീട്ടമ്മക്കും മകനും ഭര്‍ത്തൃവീട്ടുകാരുടെ ക്രൂര മര്‍ദനം. കോഴിക്കോട് സ്വദേശിനിയായ ഷൈനിയെയും മകനെയുമാണ് ആക്രമിച്ചത്. ജീവനാംശം ആവശ്യപ്പെട്ട് ഉത്തരേന്ത്യന്‍ സ്വദേശിയായ ഭര്‍ത്താവിന്റെ വീടിനു മുന്നില്‍ ധര്‍ണയിരുന്നതിനാണ് ഷൈനിയുടെ ഭര്‍ത്തൃവീട്ടുകാര്‍ ഇരുവരെയും മര്‍ദിച്ചത്. ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന സാമൂഹ്യപ്രവര്‍ത്തക ദീപാ മനോജിനു നേരെയും ആക്രമണമുണ്ടായി.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങളെയും ഷൈനയുടെ ഭര്‍ത്തൃവീട്ടുകാര്‍ ആക്രമിച്ചു. ഭര്‍ത്താവ് വിജേന്ദറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഷൈനി ആരോപിച്ചു. കോഴിക്കോട് സ്വദേശിയായ ഷൈനി 22 വര്‍ഷം മുമ്പാണ് ഡല്‍ഹി സ്വദേശിയായ വിജേന്ദറിനെ വിവാഹം ചെയ്തത്്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിജേന്ദര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്തോടെ ഷൈനിയും ഏകമകനും വഴിയാധാരമായി. ഭര്‍ത്താവിന്റെ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം.

ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഷൈനിയെയും മകനെയും അംഗീകരിച്ചിരുന്നില്ല. മകന്റെ എഞ്ചിനിയറിങ് പഠനം നിലച്ചുവെന്നും തങ്ങള്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും ഇറക്കി വിടാമെന്ന അവസ്ഥയാണുള്ളതെന്നും ഷൈനി പറഞ്ഞു. ഇതേ തുടര്‍ന്നാണ് ജീവനാംശം ആവശ്യപ്പെട്ട് ഷൈനിയും മകനും കോടതിയെ സമീപിച്ചു.

ഷൈനിയുടെയും വിജേന്ദറിന്റെയും വിവാഹം അംഗീകരിക്കാത്ത ഭര്‍ത്തൃ വീട്ടുകാര്‍ ഇതിനിടയില്‍ വിജേന്ദറിനെ മറ്റൊരു കല്യാണം കഴിപ്പിച്ചിരുന്നു. ഇക്കാര്യം ഷൈനി അറിഞ്ഞത് വളരെ വൈകിയാണ്. ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഷൈനി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.