കോഴിക്കോട്: മലയാളി താരം സികെ വിനീതിനെ ടീമില്‍ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനം. ഐ.എസ്.എല്‍ അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി മലയാളി താരം സി.കെ വിനീത് കളിക്കും. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക വെള്ളിയാഴ്ചയ്ക്കകം നല്‍കണമെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു. ഇതേതുര്‍ന്ന് വിനീതിനേയും മെഹ്താബ് ഹുസൈനെയും ബ്ലാസ്റ്റേഴ്സ് ടീമില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകായായിരുന്നു.

അതേസമയം മെഹ്താബ് ഹുസൈന്‍ ഇതുവരെ അനുകൂല നിലപാടിലെത്തിയിട്ടില്ല. ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റിന്റെ ശ്രമത്തെ മെഹ്താബ് നിരാകരിക്കുകയായരുന്നു. 23ന് നടക്കുന്ന പ്ലേയേഴ്‌സ് ഡ്രാഫ്റ്റിലേക്ക് കടക്കനാണ് മെഹ്താബിന്റെ തീരുമാനം. ഇതേതുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരങ്ങളായ റിനോ ആന്റോ, സന്ദേശ് ജിങ്കാന്‍ എന്നിവരില്‍ ഒരാളെകൂടി നിലനിര്‍ത്താന്‍ ടീം അധികൃതര്‍ ശ്രമം തുടരുകയാണ്.
ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്ന ചര്‍ച്ചകള്‍ ഫ്രാഞ്ചൈസികളില്‍ ചൂടുപിടിച്ചിരിക്കെയാണ് വിനീതിനെ വിട്ടുകളയാനില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് തീരുമാനമെടുത്തത്.

മൂന്നാംവട്ടമായാണ് സി.കെ.വിനീത് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്. നേരത്തെ ബെംഗളൂരു എഫ്.സിയില്‍ നിന്നും വിനീതിനെ കടമായെടുത്തതാണെങ്കിലും അടുത്ത സീസണ്‍ മുതല്‍ സ്വന്തംകളിക്കാരനായി കളത്തിലിറക്കാം.

കഴിഞ്ഞ സീസണില്‍ ഐ ലീഗിലേയും ഐഎസ്എല്ലിലേയും ഇന്ത്യന്‍ ടോപ് സ്‌കോറര്‍ ആയിരുന്നു സി.കെ വിനീത്. ബ്ലാസ്റ്റേഴ്‌സിനായി ഒന്‍പതു മല്‍സരങ്ങളില്‍നിന്നും അഞ്ച് ഗോളുകള്‍ വിനീത് നേടിയിരുന്നു. ഫൈനല്‍ വരെ എത്തിയ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തില്‍ നിര്‍ണായകമായിരുന്നു വിനീതിന്റെ പങ്ക്. കൂടാതെ ഫെഡറേഷന്‍ കപ്പ് ബെംഗളൂരു എഫ്‌സിക്കു നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കും വിനീതിന്റേതായിരുന്നു.