കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കെവിന്റെ ഭാര്യയുടെ പരാതി സ്വീകരിക്കാതിരുന്ന ഗാന്ധി നഗര്‍ സ്‌റ്റേഷനിലെ എസ്.ഐക്കും എ.എസ്.ഐക്കും സസ്‌പെന്‍ഷന്‍. ഗാന്ധി നഗര്‍ എസ്.ഐ എം.എസ് ഷിബുവിനും എ.എസ്‌ഐക്കുമാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

ഇതുസംബന്ധിച്ച് ഡി.വൈ.എസ്.പി കോട്ടയം എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് എസ്.പി ഡി.ജി.പിക്ക് കൈമാറി. ഇതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നടപടിയെടുത്തത്. അന്വേഷണ വിധേയമായിട്ടാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ വിമുഖത കാട്ടിയെന്ന് ഡി.വൈ.എസ്.പി കണ്ടെത്തി. പൊലീസിന് ഗുരുതര വീഴ്ച പറ്റിയതായി ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം, കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.