പോങ്‌യാങ്; കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ നിന്ന് സഹോദരി കിം യോ ജാങിനെ തരംതാഴ്ത്തി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പിബിയില്‍ നിന്ന് ഒഴിവാക്കി ജാങിനെ പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയില്‍ തന്നെ നിലനിര്‍ത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പാര്‍ട്ടിയിലും ഭരണത്തിലും ശക്തികേന്ദ്രമായി ജാങ് മാറുന്നത് തന്റെ നിലനില്‍പ്പിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് കിം ജോങിന്റെ നീക്കം.

2017ല്‍ കിമ്മിന്റെ പിതൃസഹോദരി കിം ക്യോങ് ഹുയ്യിക്ക് ശേഷം പാര്‍ട്ടി പിബിയില്‍ ഇടം നേടിയ നേതാവാണ് ജാങ്. അതേസമയം, ജാങിനെ പാര്‍ട്ടിയിലെ ഉയര്‍ന്ന പദവിയിലേക്ക് ഉയര്‍ത്താനും ഇനി സാധ്യതയുണ്ട്.

കഴിഞ്ഞദിവസമാണ് കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി കിം ഔദ്യോഗികമായി ചുമതലയേറ്റത്. പാര്‍ട്ടിയുടെ പരമോന്നത പദവിയാണിത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആറാം ദിനമായിരുന്നു കിമ്മിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങ്. അധികാരം കൂടുതല്‍ ഉറപ്പിക്കുന്നതിന്റെ നീക്കം കൂടിയായിരുന്നു കിം തനിക്ക് തന്നെ നല്‍കിയ പുതിയ പദവി. രാജ്യത്തിന്റെ പ്രധാനശത്രു അമേരിക്ക തന്നെയാണെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ കിം പ്രഖ്യാപിച്ചിരുന്നു.

2016ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കിമ്മിനെ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. അതിനു മുന്‍പ് ഫസ്റ്റ് സെക്രട്ടറി എന്ന പദവിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. 2011ല്‍ പിതാവ് കിം ജോങ് രണ്ടാമന്റെ മരണശേഷാണ് കിം ജോങ് ഉന്‍ അധികാരത്തിലെത്തിയത്.