കോഴിക്കോട്: സാഹിത്യത്തിന്റെ പുതുചലനങ്ങളും സംസ്‌കാരത്തിന്റെ ആലോചനകളും ഭാഷയുടെയും ഭക്ഷണത്തിന്റെയും രാഷ്ട്രീയവും ചരിത്രത്തിന്റെ ഗതിവേഗങ്ങളും ചിത്രമെഴുത്തിന്റെയും സംഗീതത്തിന്റെയം പുതുമകളും ചര്‍ച്ച ചെയ്യുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മൂന്നാം എഡിഷന് കോഴിക്കോട് കടപ്പുറത്തെ അഞ്ചുവേദികളില്‍ തുടക്കമായി. എഴുത്തുകാരും സഹൃദയരും വായനക്കാരും കലാകാരന്മാരും നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി മലയാളത്തിന്റെ പ്രിയകഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, നടന്‍ പ്രകാശ്‌രാജ്, അയര്‍ലന്‍ഡ് അംബാസിഡര്‍ ബ്രെയ്്ന്‍ മെഡഫ്, ജില്ലാ കലക്ടര്‍ യു.വി ജോസ്,മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ക്ലൗഡിയ കൈസര്‍(വൈസ് പ്രസിഡണ്ട്, ഫ്രാന്‍ക്ഫ്രട്ട് ബുക്‌ഫെയര്‍), സാം സന്തോഷ്, വിനോദ് നമ്പ്യാര്‍, രതീഷ് സി. നായര്‍ പ്രസംഗിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കവി സച്ചിദാനന്ദന്‍ ആമുഖപ്രഭാഷണം നടത്തി. ഞെരളത്ത് ഹരിഗോവിന്ദന്റെ അരങ്ങുണര്‍ത്തലോടെയാണ് ചടങ്ങ് തുടങ്ങിയത്. രവി ഡി.സി സ്വാഗതവും എ.കെ അബ്ദുല്‍ഹക്കീം നന്ദിയും പറഞ്ഞു. പ്രതിരോധം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. വിയോജിപ്പില്ലാതെ ജനാധിപത്യമില്ല എന്നതാണ് മുഖവാക്യം. സാംസ്‌കാരികമേഖലയില്‍ നടമാടുന്ന ഫാസിസത്തെ ചെറുക്കാനുളള മാര്‍ഗങ്ങള്‍ ആരായുന്ന ചര്‍ച്ചകള്‍ വേദികളില്‍ സജീവമായി നടന്നുവരുന്നു.
എഴുത്തോല, അക്ഷരം, തൂലിക, വാക്ക്, വെള്ളിത്തിര എന്നിങ്ങനെയുള്ള വേദികളില്‍ സാഹിത്യം, സംസ്‌കാരം, സംഗീതം, സിനിമ, ചരിത്രം, ഭാഷ എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കേരളത്തിന് അകത്തും പുറത്തുമുള്ള എഴുത്തുകാരും ചിന്തകരും അധ്യാപകരും പൊതുപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും വേദികളില്‍ നിന്ന് വേദികളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഒന്നാം ദിനത്തില്‍ തന്നെ കണ്ടത്.
പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി, ചരിത്രകാരി റൊമീല ഥാപര്‍, ആനന്ദ്, ഡോ.എം.ജി.എസ് നാരായണന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കെ.സി നാരായണന്‍, കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, അയ്മനം ജോണ്‍, കെ.എസ് ഭഗവാന്‍, കെ.ആര്‍ മീര, ടി. പത്മനാഭന്‍, കെ. ജയകുമാര്‍, ടി.പി രാജീവന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ചലച്ചിത്രോത്സവം, ഭക്ഷ്യമേള എന്നിവയും സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്ക് പുറമെ സ്‌പെയിന്‍, ജര്‍മനി, ശ്രീലങ്ക, അയര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള എഴുത്തുകാരും ഫെസ്റ്റിവലിന് എത്തിയിരുന്നു.
ഇന്ന് വിവിധ സെഷനുകളില്‍ എം. മുകുന്ദന്‍, ബെന്യാമിന്‍, ഉണ്ണി ആര്‍, സന്തോഷ് ഏച്ചിക്കാനം, നടി രേവതി, പത്മപ്രിയ, ദീദി ദാമോദരന്‍, പ്രഭാവര്‍മ, സാവിത്രി രാജീവന്‍, തമ്പി ആന്റണി, ബീനാപോള്‍ തുടങ്ങിയവര്‍ സംസാരിക്കും.