X

വനിതാ മതിലിലൂടെ സി.പി.എം. നടപ്പാക്കിയെന്ന് പറയുന്ന നവോത്ഥാനം വെറും തട്ടിപ്പ്: കെ.എം.ഷാജി എം.എൽ.എ.

മട്ടന്നൂർ: വനിതാ മതിലിലൂടെ സി.പി.എം. നടപ്പാക്കിയെന്ന് പറയുന്ന നവോത്ഥാനം വെറും തട്ടിപ്പാണെന്ന് കെ.എം.ഷാജി എം.എൽ.എ. പറഞ്ഞു. മട്ടന്നൂരിൽ യു.ഡി.എഫ്. വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിൽ സ്ത്രീകൾക്ക് ലഭിക്കുന്ന പ്രാതിനിധ്യത്തിൽ നിന്നു തന്നെ അവരുടെ സ്ത്രീകളോടുള്ള സമീപനം വ്യക്തമാണ്. സുശീലാ ഗോപാലനും കെ.ആർ. ഗൗരിയമ്മക്കും മുഖ്യമന്ത്രിമാരാകാൻ അവസരമുണ്ടായിട്ടും സി.പി.എം. പിന്തുണച്ചില്ല. ശബരിമല വിഷയത്തിൽ നടത്തിയ വനിതാ മതിലിൽ മുസ്ലിം സ്ത്രീകളെയും അണിനിരത്തിയത് സമൂഹത്തെ മതപരമായി ഭിന്നിപ്പിക്കുകയെന്ന ദുഷ്ടലാക്കോടെയാണ്. പയ്യന്നൂരിലെ ദളിത് സ്ത്രീയായ ചിത്രലേഖയെ വേട്ടയാടിയവരാണ് സി.പി.എമ്മെന്നും കെ.എം.ഷാജി പറഞ്ഞു.
രാജ്യത്തെവിടെയും ബി.ജെ.പിയോട് നേരിട്ട് മത്സരിക്കാത്ത സി.പി.എമ്മാണ് ബി.ജെ.പിയെ എതിർക്കുന്നത് തങ്ങളാണെന്ന് പറയുന്നത്. ഭരണാധികാരികളെന്ന നിലയിൽ മോദിയും പിണറായിയും തമ്മിൽ ഒരു വ്യത്യാസവുമില്ല. വടക്കേ ഇന്ത്യയിൽ മതത്തിന്റെ പേരിൽ ബി.ജെ.പി. ആളെക്കൊല്ലുമ്പോൾ കേരളത്തിൽ സി.പി.എം. രാഷ്ട്രീയത്തിന്റെ പേരിൽ ആൾക്കാരെ കൊല്ലുകയാണ്. അഴീക്കോട് എം.എൽ.എ. എന്ന നിലയിൽ താൻ കൊണ്ടുവന്ന വികസനം പോലും കണ്ണൂരിൽ ഇടത് എം.പി. നടപ്പാക്കിയിട്ടില്ലെന്നും കെ.എം. ഷാജി പറഞ്ഞു. മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് പി വി ധനലക്ഷമി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷണൻ, റോഷ്നി ഖാലിദ്, രജനി രമാനന്ദ്, എം.കെ നജിമ ടീച്ചർ, പി വി സ്മിത, രഹന ടീച്ചർ, പ്രൊഫ. ഖദീജ,കെ ഉഷ,എം വി ചഞ്ചാലാക്ഷി, സുബൈദ ടീച്ചർ, എം കെ അനിത, നാജിയ, ഷർമിള എന്നിവർ സംസാരിച്ചു.

web desk 1: