പിണറായി സര്‍ക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു മുസ്‌ലിംലീഗ് എം.എല്‍.എ കെ.എം ഷാജി നടത്തി പ്രസംഗം

ആത്മവിശ്വാസം തകര്‍ക്കപ്പെട്ടു പോയ ഒരു ജനതയുടെ പ്രതിഷേധമാണിത്. സമാശ്വാസം പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു. അവരുടെ കണ്ണുനീരില്‍ ഈ സര്‍ക്കാറിന് എതിരെയുള്ള അവിശ്വാസമുണ്ട്. അനാഥരായ കുട്ടികളെ ചേര്‍ത്തു പിടിക്കാന്‍ വേണ്ടി നമ്മളുണ്ടാക്കിയ സ്‌നേഹപൂര്‍വം പദ്ധതി. അതും നിങ്ങള്‍ അട്ടിമറിച്ചു. അവരുടെ കണ്ണുനീരിലും ഈ സര്‍ക്കാറിനെതിരായ അവിശ്വാസമുണ്ട്. ഓട്ടിസം ബാധിച്ചവര്‍ക്കു വേണ്ടി കൊണ്ടു വന്ന ആശ്വാസ കിരണം, അതും അട്ടിമറിച്ചു. ആ പാവം അമ്മമാരുടെ കണ്ണുനീര് നിങ്ങള്‍ക്ക് എതിരാണ്.

സ്വപ്‌നയുടെ കവിളില്‍ തട്ടുമ്പോള്‍, കരഞ്ഞു കവിള്‍തുടുത്തു പോയ അമ്മമാരുടെ കണ്ണുനീരുകളാണ് നിങ്ങള്‍ മറന്നു പോകുന്നത്. മദ്യപിച്ച് മദോന്മത്തനായ ഒരാള്‍, കാറോടിച്ചു കയറ്റിക്കൊന്ന കെ.എം ബഷീറിനെ നിങ്ങള്‍ക്കോര്‍മയുണ്ടോ? ഈ കോവിഡിന്റെ മറവില്‍ ആ ഉദ്യോഗസ്ഥനെ നിങ്ങള്‍ പുനഃപ്രതിഷ്ഠിക്കുമ്പോള്‍ ആ ബഷീറിന്റെ കുടുംബത്തിന്റെ കണ്ണുനീരില്‍ നിങ്ങള്‍ക്കെതിരെയുള്ള അവിശ്വാസമുണ്ട്.

ടീച്ചര്‍ക്കറിയുമോ പാലത്തായിയിലെ ഒരു കൊച്ചു കുട്ടിയെ, ഒരു പെണ്‍കുട്ടിയെ നിങ്ങളീ സംഘ്പരിവാര അജണ്ടയുടെ ഭാഗമായി ആ കേസിനെ അട്ടിമറിക്കുമ്പോള്‍ ആ കൊച്ചു പെണ്‍കുട്ടിയുടെ കണ്ണുനീരില്‍ നിങ്ങള്‍ക്കെതിരെയുള്ള അവിശ്വാസമുണ്ട്. അലന്റെയും താഹയുടെയും അമ്മമാരുടെ കണ്ണുനീരില്‍ ഈ സര്‍ക്കാറിന് എതിരെയുള്ള അവിശ്വാസമുണ്ട്. ജോലി കിട്ടാന്‍ സാദ്ധ്യതയില്ലാത്ത പതിനായിരക്കണക്കിന് പി.എസ്.സിയിലെ ചെറുപ്പക്കാരുടെ കണ്ണുനീരില്‍ ഈ സര്‍ക്കാറിന് എതിരെയുള്ള അവിശ്വാസമുണ്ട്.

ലക്ഷക്കണക്കിന് പ്രവാസികള്‍ ഈ നാട് അഭയം നല്‍കുമെന്ന് കരുതി വന്നവര്‍, അവരെയാണ് നിങ്ങള്‍ ചതിച്ചത്. ആ പ്രവാസികളുടെ കണ്ണുനീരില്‍ ഈ സര്‍ക്കാറിന് എതിരെയുള്ള അവിശ്വാസമുണ്ട്. കൃപേഷിന്റെയും ശരത് ലാലിന്റെയും ഷുക്കൂറിന്റെയും അങ്ങനെ നൂറു കണക്കിന് അമ്മമാരുടെ കണ്ണുനീരില്‍ ഈ സര്‍ക്കാറിന് എതിരെയുള്ള അവിശ്വാസമുണ്ട്.

മന്ത്രി ബാലന്‍ ചോദിക്കുന്നത് നിങ്ങള്‍ എന്തിനാണ് അവിശ്വാസം കൊണ്ടുവരുന്നത് എന്നാണ്. ഞങ്ങള്‍ അവിശ്വാസം കൊണ്ടുവരുന്നത് ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നത് കൊണ്ടാണ്. അവരുടെ വികാരങ്ങള്‍ അറിയുന്നത് കൊണ്ടാണ്. ജനങ്ങളുടെ നിശ്ശബ്ദമായ കരച്ചില്‍ മന്ത്രി മന്ദിരങ്ങളില്‍ ഉള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയണം എന്നില്ല. നിങ്ങളുടെ ചുറ്റം ലക്ഷങ്ങള്‍ കൊടുത്ത് കൂട്ടുനിര്‍ത്തിയ നിങ്ങളുടെ പിണിയാളുകളും അതു നിങ്ങളോട് പറഞ്ഞു തരണം എന്നില്ല. എന്നാല്‍ ഞങ്ങള്‍ക്കതിന് ബാദ്ധ്യതയുണ്ട്.

ഇതെന്തൊരു സര്‍ക്കാരാണ്. ഇതുപോലെ ഒരു നെറികേട് കാണിച്ച ഒരു സര്‍ക്കാരുണ്ടാകില്ല. ഇവിടുത്തെ വനിതാ പത്രപ്രവര്‍ത്തകരെ പോലും എന്തു വൃത്തികേടും പറയാന്‍ നിങ്ങളാണ് അവരെ സഹായിച്ചു കൊടുത്തത്. അവര്‍ ചെയ്ത തെറ്റെന്താണ്. ഇവിടത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദ്യം പോലും മറന്നു പോയി, ഒരു റേഡിയോയ്ക്ക് മുമ്പില്‍ നില്‍ക്കുന്നതു പോലെ മാസങ്ങളോളം മുഖ്യമന്ത്രിയുടെ മുന്നില്‍ നിന്നിട്ടുണ്ട്. എന്നാല്‍ സഹികെട്ടപ്പോള്‍ അവര്‍ ചോദ്യം ചോദിക്കാന്‍ തീരുമാനിച്ചു. അന്നാണ് നിങ്ങള്‍ ഇളകിയത്. ചോദ്യങ്ങളെ ഭയപ്പെടുന്ന, ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അസഹിഷ്ണുവാകുന്ന ഈ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് ഈ നാടിന്റെ ശാപം.

ബഹുമാന്യനായ മുഖ്യമന്ത്രിയോട് പറയട്ടെ, അഴിമതിയെ ന്യായീകരിക്കാന്‍ സിദ്ധാന്തങ്ങള്‍ ചമയ്ക്കുന്ന മന്ത്രിമാരോട്, പാര്‍ട്ടി നേതാക്കളോട്, സ്വന്തം പ്രവര്‍ത്തകന്മാരോട് ഒത്തിരി മര്യാദകള്‍ പഠിപ്പിച്ച് കൊടുക്കാന്‍ പറയണം. നിങ്ങള്‍ സൈബര്‍ ഗുണ്ടകളെ മര്യാദ പഠിപ്പിക്കാന്‍ പാര്‍ട്ടി ക്ലാസുകളില്‍ ശ്രമിക്കണം. കൊടിയിലെ അരിവാളും ചുറ്റികയും മനുഷ്യന്റെ കഴുത്തറുക്കാനും തലയ്ക്കടിക്കാനും ഉള്ളതല്ലെന്ന് അവരോട് നിങ്ങള്‍ പറഞ്ഞു കൊടുക്കണം. കൃഷിയും വ്യവസായവും ചെയ്യുന്ന തൊഴിലാളിയുടെ ചിഹ്നമാണ് അതെന്ന് നിങ്ങളീ പ്രവര്‍ത്തകരോട് പറഞ്ഞു കൊടുക്കണം.

ഇവിടെ ഈ രാജ്യത്തെ മീഡിയകളെ മുഴുവന്‍ നിങ്ങളുടെ സൈബര്‍ ഗുണ്ടകള്‍ ആക്രമിച്ചപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ഗംഭീരമായ സ്‌റ്റേറ്റ്‌മെന്റ് നടത്തി. അതിങ്ങനെയാണ്, ‘ഇങ്ങനെ ഒരാളെ പറ്റിയും പറയരുത്’ അപ്പോള്‍ ആളുകള്‍ ഒക്കെ വിചാരിച്ചു. നല്ല സ്‌റ്റേറ്റ്‌മെന്റാണ്. പിന്നെയാണ് മനസ്സിലായത്, ഒരാളെ പറ്റിയും എന്നല്ല, ഒരാളെ പറ്റി മാത്രം പറയരുത് എന്നാണ്. അത് മുഖ്യമന്ത്രിയെ കുറിച്ച് മാത്രം പറയരുത് എന്നാണ്.

നിങ്ങളീ കോവിഡിന് മുമ്പേ തന്നെ ക്വാറന്റൈന്‍ കണ്ടു പിടിച്ച മഹാനായ മുഖ്യമന്ത്രിയാണ്. നിങ്ങള്‍ ആദ്യം ക്വാറന്റൈനിലാക്കിയത് വി.എസ് അച്യുതാനന്ദനെയാണ്. രണ്ടാമത് പാര്‍ട്ടി സെക്രട്ടറിയെയും. പിന്നെ ഓരോരോ മന്ത്രിമാരെയും ക്വാറന്റൈനില്‍ വിട്ടു.

ബഹുമാന്യനായ ബാലന്‍ പഴയ നാടകങ്ങള്‍ പുനരാവിഷ്‌കരിക്കുന്ന തിരക്കിലാണ്. മന്ത്രി എ.സി മൊയ്തീന്‍ കരിപ്പൂരില്‍ വിമാന ദുരന്തം ഉണ്ടാകുന്നതിന് മുമ്പു തന്നെ ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കിയ ആളാണ്. വേറൊരു മന്ത്രി ആരോപിക്കപ്പെടുന്നത് ആത്മീയ കള്ളക്കടത്തിനെ കുറിച്ചാണ്. വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുപോയി കൊടുക്കുന്നത് എടപ്പാൡലാണ്. എടപ്പാളില്‍ നിന്ന് കുറച്ചു നടന്നു പോയാല്‍ നിങ്ങള്‍ക്കവിടെ സി.എച്ച് പ്രസ് എന്നൊരു പ്രസ് കാണും. ലോകത്തേക്ക് മുഴുവന്‍ വിശുദ്ധ ഖുര്‍ആന്‍ കയറ്റി അയക്കുന്നത് അവിടെ നിന്ന് പ്രിന്റ് ചെയ്തിട്ടാണ്.

നിങ്ങള്‍ക്കറിയുമോ കേരളത്തിന്റെ തെരുവുകളില്‍ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ ഒരു വരിതെറ്റാതെ കാണാതെ അവര്‍ക്ക ചൊല്ലാന്‍ കഴിയും. അത് പഠിപ്പിച്ച മതസംഘടനകള്‍ ഇവിടെയുണ്ട്. യുദ്ധത്തടവുകാരെ പിടിക്കുമ്പോള്‍ അവര്‍ക്ക് വിടുതല്‍ കൊടുക്കാന്‍ വേണ്ടി പ്രവാചകന്‍ വച്ച കരാര്‍ നിങ്ങളിത്ര പേരെ ഖുര്‍ആന്‍ പഠിപ്പിക്കണം എന്നാണ്.

ഖുര്‍ആന്റെ പ്രചാരണത്തിന് ഒരുപാട് മാര്‍ഗങ്ങള്‍ വിശ്വാസികള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, കള്ളക്കടത്തു വഴി ഖുര്‍ആന്‍ പഠിപ്പിക്കാമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ ഗവണ്‍മെന്റാണിത്. ഇന്ന് മന്ത്രി പറഞ്ഞ രസകരമായ കാര്യം ഖുര്‍ആന്‍ തിരിച്ചു കൊടുക്കാന്‍ ഒരുക്കമാണ്. സ്വര്‍ണം തിരിച്ചു കൊടുക്കില്ല എന്നാണ് പറയുന്നത്.

ഇവിടെ രണ്ടു മന്ത്രിമാര്‍ വേറെയുമുണ്ട്. ശൈലജ ടീച്ചറും ചന്ദ്രശേഖറും. എല്ലാ ദിവസവും വൈകുന്നേരം വരും. മുഖ്യമന്ത്രിയുടെ ഇടത്തും വലത്തുമിരിക്കും. എന്നിട്ട് പ്രാണായാമം പരിശീലിക്കുകയാണ്. ശ്വാസം വലിച്ച് പരിശീലിക്കുകയാണ്. ജി സുധാകരന്‍ പറയുന്നത് ഇപ്പോള്‍ ദുര്‍ഗന്ധമൊക്കെ പോയി സുഗന്ധമാണ് എന്നാണ്. നാലു കൊല്ലം അഴിമതിയുടെ ദുര്‍ഗന്ധം അനുഭവിച്ചിട്ട് ഇപ്പോഴത് സുഗന്ധമായി തോന്നുകയാണ്. പക്ഷേ, ജനങ്ങള്‍ക്കകത് അങ്ങനെ ഒരു ബോധ്യമില്ല.

കക്കാനുള്ള സകല സാദ്ധ്യതയും പരിശോധിച്ച ഇങ്ങനെ ഒരു ഗവണ്‍മെന്റ് ഇതുവരെ ഉണ്ടായിട്ടില്ല. പണ്ട് പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നത് ദാസ് കാപിറ്റലും കമ്യൂണിസവും ഒക്കെയാണ്. ഇപ്പോള്‍ പഠിപ്പിക്കുന്നത് ചോരപുരാണമാണ്. എങ്ങനെയാണ് കളവു നടത്തേണ്ടത് എന്ന്. റേഷന്‍ ഷാപ്പിലെ ശര്‍ക്കര വാരി അഴിമതി നടത്തിയവരാണ് നിങ്ങള്‍. യുദ്ധവും ദുരന്തവും കൊതിക്കുന്ന ഭരണാധികാരികള്‍ രാജ്യത്തുണ്ടാകും. അവര്‍ പക്ഷേ, ചരിത്രം പറയുന്നത് സ്വേച്ഛാധിപതികള്‍ ആയിരിക്കുമെന്നാണ്. പൗരന്മാരെ ജയിലില്‍ അടക്കാതെ അവന്റെ പൗരാവകാശങ്ങള്‍ എങ്ങനെ തടവറയില്‍ വയ്ക്കാം എന്നാണ് അവര്‍ക്ക് അറിയുക. അതു തന്നെയാണ് ഇവിടെ സംഭവിക്കുന്നത്.

കോവിഡ് എന്ന ദുരന്തത്തിന്റെ മറവില്‍ ആഘോഷിക്കുകയാണ് കേന്ദ്രവും കേരളവും. ജനങ്ങള്‍ ഈ കോവിഡ് കാലത്ത് തെരുവിലിറങ്ങാത്തത് നിങ്ങള്‍ക്ക് കക്കാനുള്ള മാന്‍ഡേറ്റായി നിങ്ങള്‍ കരുതരുത്. പത്ത് ലക്ഷം മലയാളികള്‍ക്ക് അഭയം കൊടുക്കുന്ന യു.എ.ഇയെയാണ് നിങ്ങള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത്. ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ വരെ വിശക്കുന്നവന്റെ വിളിയാളമാണ് റെഡ് ക്രസന്റ് എന്നു പറയുന്നത്. അതിനെ ഈ നാട്ടില്‍ കൊണ്ടു വന്ന് നാറ്റിക്കാനുള്ള ശ്രമമാണ്. എല്ലാം ശിവശങ്കറിന്റെ തലയിലിട്ട് രക്ഷപ്പെടാനുള്ള ശ്രമമാണ്.

എല്ലാ അന്വേഷണ ഏജന്‍സികളും പറയുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാണ്. മുഖ്യമന്ത്രിയാണ് പ്രതി. മുഖ്യമന്ത്രിയില്ലാതെ ഓഫീസുണ്ടാകില്ല. ശിവശങ്കറിനെ നിയന്ത്രിച്ചത് മുഖ്യമന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയുടെ രക്ത ബന്ധം കൂടിയാണ്. സ്പ്രിങ്ക്‌ളര്‍ കരാര്‍ ഉണ്ടാക്കുന്നതിന് ഒരു വര്‍ഷം മുമ്പ് ഈ രക്തവും രക്തബന്ധവും ശിവശങ്കറും എന്തിനാണ് അമേരിക്കയില്‍ പോയത്.

നിങ്ങളുടെ ഓഫീസ് എതിരാളികളെ കൂടി തകര്‍ക്കുന്ന ഓഫീസാണ്. ഇടയ്ക്കിടെ പറയും, മടിയില്‍ കനമുള്ളവന് വഴിയില്‍ പേടിയില്ല എന്ന്. ഇപ്പോഴത്തെ ഒരു ഒരു കള്ളനും മടിയില്‍ കനമുണ്ടാകില്ല. അത് വേറെ ഓഫീസില്‍ കൊണ്ടു പോയി കൊടുക്കലാണ്. അതു കൊണ്ട് ഈ ഡയലോഗ് മാറ്റിവയ്ക്കുക. ഇതിങ്ങനെ ഇടയ്ക്കിടക്ക് പറയണമെന്നില്ല. ഇദ്ദേഹം ജൂനിയര്‍ മാന്‍ഡ്രേക്കാണ് എന്നാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ ഓടുന്ന ചില വീഡിയോകളില്‍ പറയുന്നത്. അങ്ങ് ജൂനിയര്‍ മാന്‍ഡ്രേക്കല്ല, അങ്ങ് സീനിയര്‍ മാന്‍ഡ്രേക്കാണ്. എല്ലാ തരത്തിലും തോറ്റു പോയ സര്‍ക്കാറില്‍ പൂര്‍ണമായ അവിശ്വാസം രേഖപ്പെടുത്തുന്നു.