ന്യൂഡല്‍ഹി: ഗുണ്ടാകേസില്‍ പ്രതിയായ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. സക്കീര്‍ ഹുസൈന്‍ പോലീസ് മുമ്പാകെ കീഴടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ആരോപണ വിധേയര്‍ നിയമത്തിന് വിധേയരാകണം. സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത് അന്വേഷിക്കുമെന്നും കോടിയേരി പറഞ്ഞു.

സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്നും ഉടന്‍ കീഴടങ്ങില്ലെന്നും സിപിഎം നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കീഴടങ്ങാന്‍ കോടതി ഏഴുദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ടെന്നായിരുന്നു വിശദീകരണം. പാര്‍ട്ടി ഓഫീസില്‍ സക്കീര്‍ ഹുസൈന്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് സംഘം കളമശ്ശേരി ഏരിയാ ഓഫീസ് വളഞ്ഞിരുന്നു. അറസ്റ്റ് ചെയ്യാന്‍ തയ്യാറായി നിന്നിരുന്ന പോലീസിനോട് സക്കീര്‍ ഹുസൈന്‍ കീഴടങ്ങില്ലെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ അതിനുശേഷമാണ് നിലപാട് മാറ്റി ഇപ്പോള്‍ കൊടിയേരി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ കയറി അറസ്റ്റുചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടില്ലായിരുന്നു.