കൊച്ചി: കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായാണ്. ആര്‍എസ്എസിനോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടണം. കൂടാതെ ആര്‍എസ്എസ് നേതൃത്വം സമീപിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധനാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുന്‍കൈയെടുക്കേണ്ടത് ഭരണകക്ഷിയാണെന്നും നേരത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒ.രാജഗോപാലിനെ ആര്‍എസ്എസ് നേതാവായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് കോടിയേരി മറുപടി പറഞ്ഞത്.

ഈ ആഴ്ച്ച രണ്ടുപേരാണ് കണ്ണൂരില്‍ കൊല്ലപ്പെട്ടത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകന്‍ രമിത്തും കൊല്ലപ്പെട്ടിരുന്നു.