പനാജി: ഹൈദരാബാദ് എഫ്‌സി കോച്ച് ആല്‍ബര്‍ട്ട് റോക്കയെ ബാര്‍സയിലേക്ക് ക്ഷണിച്ച് ബാര്‍സിലോണയുടെ കോച്ച് റൊണാള്‍ഡ് കോമാന്‍. ബാഴ്‌സലോണയിലെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമാകാനാണ് കോമാന്റെ ക്ഷണം. 2003-08 കാലയളവില്‍ റോക്ക ബാഴ്‌സലോണ ടീമിനൊപ്പം കോച്ചിംഗ് സ്റ്റാഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് നെതര്‍ലാന്‍ഡ്‌സ് ഫുട്‌ബോള്‍ ടീം കോച്ച് പദവിയില്‍ നിന്ന് രാജിവച്ച് ബാഴ്‌സലോണയുടെ കോച്ചായി കോമാന്‍ അധികാരമേറ്റത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.

എന്നാല്‍ ഹൈദരാബാദ് എഫ്‌സിയുടെ താല്‍പ്പര്യത്തിനനുസരിച്ച് മാത്രമേ തീരുമാനത്തിന് അന്തിമം ആകൂയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സി മോശം പ്രകടനമായിരുന്നു നടത്തിയത്. 18 ലീഗ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അവര്‍ വിജയിച്ചത്. നിലവില്‍ റോക്കയ്ക്ക് ഹൈദരാബാദുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഉണ്ട്. 2022 മെയ് മാസത്തോടെയാണ് കരാര്‍ അവസാനിക്കുക. ഹൈദരാബാദ് എഫ് സി മാനേജ്‌മെന്റിന്റെ തീരുമാനമെന്നത് പോലെ റോക്കെയുടെ തീരുമാനവും ബാര്‍സയിലേക്ക് പോകുന്നതില്‍ നിര്‍ണായകമാകും.