പള്ളിക്കര: കൊല്ലം സ്വദേശിയുടെ മരണത്തില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തെ ചോദ്യംചെയ്തു. ബ്രഹ്മപുരത്ത് കൊല്ലം സ്വദേശി ദിവാകരന്‍ നായരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് സി.പി.എം കളമശ്ശേരി ഏരിയ കമ്മിറ്റി അംഗത്തെ ഇന്‍ഫോപാര്‍ക്ക് പൊലീസ് ചോദ്യംചെയ്തത്. ദിവാകരന്റെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഏരിയ കമ്മിറ്റി അംഗത്തെക്കുറിച്ച വിവരം ലഭിച്ചത്. ഇരുവരും നേരത്തെ ഇടപാടുകള്‍ നടത്തിയിരുന്നു.

തുതിയൂരില്‍ 92 ഏക്കര്‍ സ്ഥലം വില്‍പനയുമായി ബന്ധപ്പെട്ട ഇടപാടില്‍ ഏരിയ കമ്മിറ്റി അംഗവും ദിവാകരന്‍ നായരും ഉള്‍പ്പെട്ടിരുന്നതായാണ് സൂചന. ബുധനാഴ്ച രാവിലെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ഏരിയ കമ്മിറ്റി അംഗത്തെ വൈകീട്ടും വിട്ടയച്ചിട്ടില്ല. ദിവാകരന്‍ നായരുമായി അടുത്തകാലത്ത് ബന്ധപ്പെട്ടിട്ടില്ലെന്നും മുന്‍പരിചയം വെച്ച് കാര്‍ വര്‍ക്ക്‌ഷോപ്പ് അന്വേഷിച്ചാണ് വിളിച്ചതെന്നുമാണ് ഏരിയ കമ്മിറ്റി അംഗത്തിന്റെ വിശദീകരണം.

ഇദ്ദേഹം ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് വിശദമായി ചോദ്യംചെയ്യുന്നുണ്ട്. കൂടാതെ ദിവാകരന്‍ സഞ്ചരിച്ച ഓട്ടോയെ പിന്തുടര്‍ന്ന ഇന്നോവ കാറിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ദിവാകരന്‍ എത്തിയ തൃക്കാക്കര പൈപ്പ് ലൈനിലെ വീട്ടിലും ഇടപ്പള്ളി പത്തടിപ്പാലത്തും പിന്തുടര്‍ന്നെത്തിയത് ഒരേ ഇന്നോവ കാര്‍ തന്നെയാണെന്നും ഈ വാഹനം കോട്ടയം സ്വദേശിയുടേതാണെന്നും പൊലീസ് സ്ഥിരീകരിച്ചു.