കൊണ്ടോട്ടിയില്‍ പുതുതായി തുടങ്ങിയ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ആദ്യ രജിസ്‌ട്രേഷന്‍ നമ്പറിന് നടന്നത് റെക്കോര്‍ഡ് ലേലം. കെഎല്‍ 84 0001 എന്ന നമ്പറിനുള്ള ലേലത്തിലാണ് സര്‍ക്കാര്‍ വന്‍ നേട്ടം കൊയ്തത്. ഒന്നര കോടിയുടെ മെഴ്‌സിഡീസ് ബെന്‍സ് കൂപ്പര്‍ കാറിനാണ് മുഹമ്മദ് റഫീഖ് എന്ന ബിസിനസുകാരന്‍ ഈ സ്വപ്ന നമ്പര്‍ സ്വന്തമാക്കിയത്. 9,01,000 രൂപയാണ് കെഎല്‍ 84 0001 എന്ന നമ്പറിനായി ചെലവഴിച്ചത്.

ലേലത്തുക കൂടാതെ 25 ലക്ഷം രൂപ റോഡ് നികുതിയായും സര്‍ക്കാരിലേക്ക് ലഭിച്ചു. രണ്ടുപേരാണ് ലേലത്തില്‍ പങ്കെടുത്തത്. പത്ത് ലക്ഷത്തിലേക്ക് ലേലം കടക്കും എന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിയപ്പോള്‍ ഒരാള്‍ പിന്‍വാങ്ങുകയായിരുന്നു.

കൊണ്ടോട്ടി കാളോത്ത് ഒന്നാം മൈല്‍ സ്വദേശി ആണ് നെണ്ടോളി മുഹമ്മദ് റഫീഖ്. റാഫ്‌മോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ആയ റഫീഖിന് ഘാനയില്‍ ബിസിനസ് സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ മാസം ഒമ്പതിനാണ് കാര്‍ റഫീഖ് വാങ്ങിയത്. ഇപ്പോള്‍ വിദേശത്തുള്ള റഫീഖിന് വേണ്ടി മരുമകന്‍ ഷംസീര്‍ സി.എം ആണ് കാര്‍ വാങ്ങിയതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതും.