കൊറിയന്‍ നേതാക്കള്‍ വീണ്ടും കൂടിക്കാഴ്ച നടത്തുന്നു; ഈ മാസം 18 മുതല്‍ 20 വരെ
സോള്‍: കൊറിയന്‍ മുനമ്പില്‍ സമാധാനം ഉറപ്പിക്കാന്‍ ഉത്തരകൊറിയയുടെയും ദക്ഷിണ കൊറിയയുടെയും ഭരണാധികാരികള്‍ വീണ്ടും കൂടിക്കാഴ്ച നടത്തുന്നു.

ഈ മാസം 18 മുതല്‍ 20 വരെയാണ് ഇരു കൊറിയന്‍ നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക.

ദക്ഷിണ കൊറിയന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് ഉയി യോങിന്റെ നേതൃത്വത്തില്‍ പ്രതിനിധി സംഘത്തെ ഇന്നലെ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഉത്തരകൊറിയയിലേക്ക് അയച്ചിരുന്നു. കൂടിക്കാഴ്ചയുടെ സമയം, അജണ്ട തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച നടത്താനാണ് പ്രതിനിധി സംഘത്തെ അയച്ചത്. ഇരു കൊറിയന്‍ നേതാക്കളും തമ്മില്‍ ഈ വര്‍ഷം നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.

കൊറിയയെ പൂര്‍ണമായും ആണവ മുക്തമാക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് കിം ജോങുന്‍ പുനപ്രഖ്യാപനം നടത്തും. ഇതിനൊപ്പം ദക്ഷിണ കൊറിയയുമായും അമേരിക്കയുമായും ബന്ധം മെച്ചപ്പെടുത്താനുള്ള സന്നദ്ധതയും കിം ജോങുന്‍ അറിയിക്കുമെന്നാണ് വിവരം.